കുവൈറ്റ്: വാണിജ്യ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ജൂലൈ 27-ന് വൈകീട്ട് 8 മണിമുതൽ ഒഴിവാക്കും

GCC News

രാജ്യത്തെ വാണിജ്യ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ജൂലൈ 27-ന് വൈകീട്ട് 8 മണിമുതൽ ഒഴിവാക്കാൻ കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചു. ജൂലൈ 26-ന് രാത്രി കുവൈറ്റ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

തിങ്കളാഴ്ച്ച ചേർന്ന കുവൈറ്റ് ക്യാബിനറ്റ് യോഗത്തിലാണ് 2021 ജൂലൈ 27, ചൊവ്വാഴ്ച്ച രാത്രി 8 മണിമുതൽ വാണിജ്യ മേഖലയിലെ പ്രവർത്തനങ്ങൾ സാധാരണ രീതിയിൽ തുടരാനുള്ള അനുമതി നൽകാൻ തീരുമാനം കൈക്കൊണ്ടത്. ഇത് പ്രകാരം, രാജ്യത്തെ വാണിജ്യ മേഖലയിലെ സ്ഥാപനങ്ങൾ ജൂലൈ 27 രാത്രി 8 മണിമുതൽ സാധാരണ രീതിയിൽ പ്രവർത്തിക്കുന്നതാണ്. കുവൈറ്റ് ക്യാബിനറ്റ് വക്താവ് താരീഖ് അൽ മെസരേമിനെ ഉദ്ധരിച്ചാണ് കുവൈറ്റ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഇതിന് പുറമെ, COVID-19 വാക്സിൻ സ്വീകരിച്ചവർക്ക് 2021 ഓഗസ്റ്റ് 1 മുതൽ എല്ലാ പൊതുഇടങ്ങളിലേക്കും പ്രവേശനം അനുവദിക്കുമെന്നും താരീഖ് അൽ മെസരേം അറിയിച്ചു. ഫാർമസികൾ, കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ, മറ്റു മാർക്കറ്റുകൾ, സർക്കാർ സ്ഥാപനങ്ങൾ, ഹോസ്പിറ്റലുകൾ, ഭക്ഷണ വിതരണ കേന്ദ്രങ്ങൾ, സ്വകാര്യ ചികിത്സാ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്ക് വാക്സിനെടുക്കാത്തവർക്കും പ്രവേശനം അനുവദിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഓഗസ്റ്റ് 1 മുതൽ മൊറോക്കോ, മാലിദ്വീപ് എന്നിവിടങ്ങളിലേക്ക് കുവൈറ്റിൽ നിന്ന് നേരിട്ടുള്ള വിമാനസർവീസുകൾ പുനരാരംഭിക്കുന്നതിന് അനുമതി നൽകാനും ക്യാബിനറ്റ് തീരുമാനിച്ചിട്ടുണ്ട്.

2021 സെപ്റ്റംബർ 1 മുതൽ രാജ്യത്തെ സാമൂഹിക മേഖലയിലെ വിവിധ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാനും ഇതേ യോഗത്തിൽ കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചിട്ടുണ്ട്.

Cover Photo: Kuwait News Agency.