കുവൈറ്റ്: പുതിയ മോണോക്ലോണൽ ആന്റിബോഡി ചികിത്സാരീതിയ്ക്ക് അനുമതി നൽകി

GCC News

സോട്രോവിമാബ് (Vir-7831) മോണോക്ലോണൽ ആന്റിബോഡി ചികിത്സാരീതി രാജ്യത്ത് അടിയന്തിര സഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിന് ഔദ്യോഗിക അനുമതി നൽകിയതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. തീവ്രതയില്ലാത്ത COVID-19 രോഗബാധയുള്ളവരിലും, ശക്തി കുറഞ്ഞ COVID-19 രോഗബാധയുള്ളവരിലും അടിയന്തിര സാഹചര്യത്തിൽ ഈ ചികിത്സാരീതി ഉപയോഗിക്കുന്നതിനാണ് കുവൈറ്റ് അനുമതി നൽകിയിരിക്കുന്നത്.

ജൂൺ 2-ന് വൈകീട്ടാണ് കുവൈറ്റ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ള കുട്ടികളിലും, മുതിർന്നവരിലും ഈ ചികിത്സാരീതി ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ടെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. അബ്ദുല്ല അൽ ബദ്ർ അറിയിച്ചു.

65 വയസിന് മുകളിൽ പ്രായമുള്ളവരിലും ഈ ചികിത്സാരീതി ഉപയോഗിക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ COVID-19 രോഗബാധമൂലം ഓക്സിജൻ ആവശ്യമായ രീതിയിൽ ആശുപത്രിയിൽ തുടരുന്നവർക്ക് ഈ ചികിത്സാരീതി ഉപയോഗിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കൊറോണ വൈറസ് ബാധ മൂലം ആശുപത്രി ചികിത്സ ആവശ്യമാകുന്നവർക്ക് കിടത്തിച്ചികിത്സ ആവശ്യമാകുന്ന കാലാവധി 24 മണിക്കൂറോളം കുറയ്ക്കുന്നതിനും, എളുപ്പത്തിൽ സുഖം പ്രാപിക്കുന്നതിനും സോട്രോവിമാബ് സഹായകമാകുമെന്നാണ് ഈ ചികിത്സാരീതി സംബന്ധമായ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. COVID-19 രോഗബാധിതരിൽ ഈ ചികിത്സാരീതി 85 ശതമാനം ഫലപ്രദമാണെന്നും, മരണം തടയുന്നതിൽ ഏറെ ഫലപ്രദമാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഗ്ലാക്സോ സ്മിത്ത്ക്ലൈൻ പി‌എൽ‌സിയാണ് (GSK) ഈ ചികിത്സാരീതിയ്ക്ക് രൂപം നൽകിയത്. ഈ ചികിത്സാരീതിയ്ക്ക് യു എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഏതാനം ദിവസങ്ങൾക്ക് മുൻപ് അംഗീകാരം നൽകിയിരുന്നു. COVID-19 ചികിത്സയ്ക്ക് ഏറെ ഫലപ്രദമാണെന്ന് കണ്ടെത്തിയ ഈ ചികിത്സാരീതിയ്ക്ക് യു എ ഇ ആരോഗ്യ മന്ത്രാലയം നേരത്തെ അംഗീകാരം നൽകിയിരുന്നു.