തിരികെ മടങ്ങുന്നതിനുള്ള അനുമതി ലഭിക്കുന്നതിനായി കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പോർട്ടലിൽ ഇന്ത്യക്കാരുൾപ്പടെയുള്ളവർ രജിസ്റ്റർ ചെയ്തിട്ടുള്ള ഭൂരിഭാഗം COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റുകളുടെയും ആധികാരികത പരിശോധിച്ചതായി അധികൃതർ വ്യക്തമാക്കി. ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഔദ്യോഗിക പരിശോധനാ വിഭാഗം ഏതാണ്ട് 87.6% സർട്ടിഫിക്കറ്റുകളുടെയും ആധികാരികത പരിശോധിച്ചതായാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.
വളരെ കണിശമായ മാനദണ്ഡനങ്ങളോടെയാണ് വിദേശ COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഇവർ ഉറപ്പാക്കിയതെന്ന് മന്ത്രാലയം അറിയിച്ചു. കുവൈറ്റിലെ പൗരന്മാരുടെയും, പ്രവാസികളുടെയും സുരക്ഷ മുൻനിർത്തിയാണ് ഇത്തരം നടപടികൾ അതിസൂക്ഷ്‌മമായി നടപ്പിലാക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
2021 ഓഗസ്റ്റ് 15 വരെ ഏതാണ്ട് 165145 വാക്സിനേഷൻ സർട്ടിഫിക്കറ്റുകളാണ് ഇത്തരത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടത്. ഇതിൽ 144768 സർട്ടിഫിക്കറ്റുകൾ പരിശോധിച്ചതായും, 91805 സർട്ടിഫിക്കറ്റുകൾക്ക് അംഗീകാരം നൽകിയതായും, 52963 സർട്ടിഫിക്കറ്റുകൾ നിരസിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കുവൈറ്റ് അംഗീകരിക്കാത്ത വാക്സിൻ സ്വീകരിച്ചവരുടെ സർട്ടിഫിക്കറ്റുകൾ, രണ്ട് ഡോസ് കുത്തിവെപ്പ് സ്വീകരിച്ച വിവരങ്ങൾ ഉൾപ്പെടുത്താത്ത സർട്ടിഫിക്കറ്റുകൾ, ആധികാരികത പരിശോധിക്കുന്നതിനായുള്ള QR കോഡ് ഇല്ലാത്ത സർട്ടിഫിക്കറ്റുകൾ തുടങ്ങിയവയാണ് മന്ത്രാലയം നിരസിച്ചിരിക്കുന്നത്. ആരോഗ്യ മന്ത്രാലയം നിരസിക്കുന്ന COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റുകളുള്ള പ്രവാസികൾക്ക് കുവൈറ്റിലേക്ക് പ്രവേശനം അനുവദിക്കില്ല.
ഔദ്യോഗികമായി നിരസിക്കപ്പെടുന്ന COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ സംബന്ധിച്ച് രജിസ്റ്റർ ചെയ്ത വ്യക്തിക്ക് കുവൈറ്റ് അധികൃതർ ഇ-മെയിൽ മുഖേന അറിയിപ്പ് നൽകുമെന്നും, ഈ അറിയിപ്പിൽ COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിരസിക്കപ്പെടാനുണ്ടായ കാരണം വ്യക്തമാക്കുമെന്നും കുവൈറ്റിലെ ഇന്ത്യൻ എംബസി നേരത്തെ അറിയിച്ചിരുന്നു.
കുവൈറ്റിലേക്ക് തിരികെ മടങ്ങാനാകാതെ ഇന്ത്യയിൽ തുടരുന്ന പ്രവാസികളുടെ COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റ് സംബന്ധമായ സംശയങ്ങളുമായി ബന്ധപ്പെട്ട് കുവൈറ്റിലെ ഇന്ത്യൻ എംബസി പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.