രാജ്യത്തെ രണ്ടാം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പുകൾ നൽകുന്ന നടപടികൾ നീട്ടിവെക്കാൻ തീരുമാനിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഫൈസർ, ഓക്സ്ഫോർഡ് അസ്‌ട്രാസെനേക്കാ എന്നീ രണ്ട് COVID-19 വാക്സിനുകളുടെയും രണ്ടാം ഡോസ് കുത്തിവെപ്പുകൾ നൽകുന്നത് ഇപ്രകാരം നീട്ടിവെച്ചിട്ടുണ്ട്.
COVID-19 വാക്സിൻ നിർമ്മാണ രംഗത്തും, വിതരണത്തിലും ആഗോളതലത്തിൽ നേരിടുന്ന പ്രതിസന്ധികൾ മൂലം രാജ്യത്ത് വാക്സിൻ ലഭ്യത കുറഞ്ഞതിനാലാണ് ഈ തീരുമാനം. ഈ തീരുമാനപ്രകാരം, ഫൈസർ വാക്സിൻ രണ്ടാം ഡോസ് കുത്തിവെപ്പുകൾ ലഭിക്കേണ്ടവർക്ക് ആദ്യ കുത്തിവെപ്പെടുത്ത് ആറ് ആഴ്ച്ചകൾക്ക് ശേഷമായിരിക്കും രണ്ടാം ഡോസ് നൽകുന്നത്. എന്നാൽ അറുപത് വയസിന് മുകളിൽ പ്രായമായവർക്ക് 21 ദിവസത്തിന് ശേഷം തന്നെ രണ്ടാം ഡോസ് നൽകുന്നത് തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
നിലവിലെ സാഹചര്യത്തിൽ ഓക്സ്ഫോർഡ് അസ്‌ട്രാസെനേക്കാ COVID-19 വാക്സിൻ രണ്ടാം ഡോസ് കുത്തിവെപ്പുകൾ മൂന്ന് മുതൽ നാല് മാസം വരെ നീട്ടിവെക്കാനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.