കൊറോണ വൈറസ് വ്യാപന സാഹചര്യത്തിൽ കുവൈറ്റ് പ്രവേശനവിലക്കേർപ്പെടുത്തിയ 31 രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക്, രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള നിബന്ധനകൾ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) ഓഗസ്റ്റ് 3-നു വ്യക്തമാക്കി. COVID-19 രോഗബാധ രൂക്ഷമായി നിലനിൽക്കുന്ന ഈ 31 രാജ്യങ്ങളിൽ നിന്നും കുവൈറ്റിലേക്ക്, നേരിട്ടോ, മറ്റു രാജ്യങ്ങൾ വഴിയോ, യാത്ര ചെയ്യുന്ന കുവൈറ്റ് പൗരന്മാർ ഒഴികെയുള്ളവർക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയതായി DGCA നേരത്തെ അറിയിച്ചിരുന്നു.
ഇത്തരം രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് താഴെ പറയുന്ന നിബന്ധനകൾ പാലിച്ച് കൊണ്ട് മാത്രം കുവൈറ്റിലേക്ക് പ്രവേശനാനുമതി നൽകുമെന്നാണ് ഓഗസ്റ്റ് 3-നു DGCA പുതിയ അറിയിപ്പിലൂടെ വ്യക്തമാക്കുന്നത്.
ഈ 31 രാജ്യങ്ങളിൽ നിന്നുള്ളവർക്ക്, കുവൈറ്റ് യാത്രാ വിലക്കുകൾ ഏർപെടുത്തിയിട്ടില്ലാത്ത ഏതെങ്കിലും രാജ്യത്തേക്ക് ആദ്യം യാത്രചെയ്ത ശേഷം, ആ രാജ്യങ്ങളിൽ 14 ദിവസം താമസിക്കേണ്ടതാണ്. 14 ദിവസം പൂർത്തിയായ ശേഷം COVID-19 PCR പരിശോധനകൾ നടത്തി കുവൈറ്റിലേക്ക് യാത്ര ചെയ്യാവുന്നതാണ്. കുവൈറ്റിലേക്ക് യാത്ര ചെയ്യുന്നതിന് മുൻപ്, 72 മണിക്കൂറിനിടയിൽ ലഭിച്ച PCR നെഗറ്റീവ് ഫലങ്ങൾ മാത്രമാണ് അനുവദിക്കുക. ഈ അറിയിപ്പ് പ്രകാരം യാത്ര വിലക്ക് നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്ന് കുവൈറ്റിലേക്ക് നേരിട്ട് നിലവിൽ പ്രവേശിക്കാനാകില്ല എന്ന് വ്യക്തമാണ്.
കൊറോണ വൈറസ് വ്യാപന സാധ്യത മുൻനിർത്തി, ഇന്ത്യ ഉൾപ്പടെ 31 രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് കുവൈറ്റിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയതായി DGCA ഓഗസ്റ്റ് 1-നാണ് അറിയിച്ചത്.