റമദാൻ 2022: ഇഫ്‌താർ ടെന്റുകൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട COVID-19 മാനദണ്ഡങ്ങൾ സംബന്ധിച്ച് NCEMA അറിയിപ്പ് നൽകി

GCC News

രാജ്യത്ത് ഈ വർഷത്തെ റമദാനോടനുബന്ധിച്ച് ഇഫ്‌താർ ടെന്റുകൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തുന്ന COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) വ്യക്തമാക്കി. 2022 മാർച്ച് 14-നാണ് NCEMA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

യു എ ഇയിൽ 2022-ലെ റമദാനിൽ ഇഫ്‌താർ ടെന്റുകൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തുന്ന COVID-19 പ്രതിരോധ നിബന്ധനകൾ:

  • ഇഫ്താർ ടെന്റുകളിൽ പ്രവേശിക്കുന്നവർക്ക് ഗ്രീൻ പാസ് നിർബന്ധമാണ്.
  • ഇഫ്താർ ടെന്റുകളിൽ പ്രവേശിക്കുന്നവർക്ക് മാസ്കുകൾ നിർബന്ധമാണ്. ഭക്ഷണം കഴിക്കുന്ന സമയങ്ങളിലൊഴികെ ടെന്റുകൾക്കുള്ളിൽ മാസ്കുകളുടെ ഉപയോഗം നിർബന്ധമാണ്.
  • ടെന്റുകളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നതിനായി ഓരോ ഇഫ്താർ ടെന്റുകളിലും സന്നദ്ധ സേവകരുടെയോ, സെക്യൂരിറ്റി പ്രവർത്തകരുടെയോ സേവനം ഉറപ്പാക്കേണ്ടതാണ്.
  • ഇഫ്താർ ടെന്റുകൾ ഒരുക്കുന്നതിന് എമിറേറ്റ്സ് റെഡ് ക്രെസെന്റിൽ നിന്നുള്ള മുൻ‌കൂർ അനുമതി നിർബന്ധമാണ്.
  • ടെന്റുകളിൽ പ്രവേശിക്കുന്നവർക്കിടയിൽ ചുരുങ്ങിയത് ഒരു മീറ്റർ അകലം ഉറപ്പ് വരുത്തേണ്ടതാണ്.
  • ടെന്റുകളിൽ പരമാവധി പ്രവേശിപ്പിക്കാവുന്ന ആളുകളുടെ എണ്ണം സംബന്ധിച്ച് ഓരോ എമിറേറ്റുകളിലെയും എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് കമ്മിറ്റികൾ തീരുമാനം കൈക്കൊള്ളുന്നതാണ്.
  • ടെന്റുകൾക്കുള്ള പെർമിറ്റുകൾ അനുവദിക്കുന്നതിനും, നിരാകരിക്കുന്നതിനുമുള്ള ചുമതല ഓരോ എമിറേറ്റുകളിലെയും എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് കമ്മിറ്റികളിൽ നിക്ഷിപ്തമാണ്.
  • ടെന്റുകളിൽ മാസ്കുകൾ, സാനിറ്റൈസർ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്തേണ്ടതാണ്.
  • തിരക്ക് ഒഴിവാക്കുന്നതിനായി ഇഫ്താർ സമയത്തിന് രണ്ട് മണിക്കൂർ മുൻപ് മാത്രമാണ് ഇഫ്താർ ടെന്റുകൾ തുറക്കുന്നതിന് അനുമതി നൽകിയിരിക്കുന്നത്.
  • എല്ലാ വശങ്ങളിൽ നിന്നും തുറന്നിരിക്കുന്ന മാതൃകയിലോ, പൂർണ്ണമായും ശീതീകരിച്ച രീതിയിലോ ആയിരിക്കണം ടെന്റുകളുടെ നിർമ്മിതി.
  • ടെന്റുകളിലെ മേശകളിൽ ഉപയോഗിക്കുന്ന ടേബിൾ ക്ലോത്തുകൾ ഒറ്റത്തവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന രീതിയിലുള്ളവയായിരിക്കണം.
  • കഴിയുന്നതും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലേറ്റുകൾ, ഗ്ലാസ്സുകൾ, സ്പൂണുകൾ എന്നിവ ഉപയോഗിക്കേണ്ടതാണ്.

Cover Photo: WAM.