കുവൈറ്റ്: അന്താരാഷ്ട്ര വിമാന യാത്രികരുടെ ക്വാറന്റീൻ കാലാവധി 7 ദിവസമാക്കി ചുരുക്കാൻ DGCA ശുപാർശ ചെയ്തു

GCC News

രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ അന്താരാഷ്ട്ര വിമാന യാത്രികരുടെയും ക്വാറന്റീൻ കാലാവധി 7 ദിവസമാക്കി ചുരുക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തോട് ശുപാർശ ചെയ്തു. നിലവിൽ വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് 14 ദിവസത്തെ ക്വാറന്റീൻ കാലാവധിയാണ് കുവൈറ്റിൽ നടപ്പിലാക്കി വരുന്നത്.

കുവൈറ്റ് DGCA ഡയറക്ടർ ജനറൽ യൂസഫ് അൽ ഫൗസാൻ, ആരോഗ്യ മന്ത്രാലയത്തിന് അയച്ച കത്തിലാണ് വിദേശ യാത്രികരുടെ ക്വാറന്റീൻ കാലാവധി 7 ദിവസത്തിലേക്ക് ചുരുക്കുന്നതിനു ശുപാർശ ചെയ്തിട്ടുള്ളത്. PCR നെഗറ്റീവ് റിസൾട്ട് ഉൾപ്പടെയുള്ള മറ്റു ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ നിലനിർത്തികൊണ്ട്, ക്വാറന്റീൻ കാലാവധിയിൽ മാറ്റം വരുത്തുന്നതിനുള്ള നിർദ്ദേശമാണ് DGCA മുന്നോട്ട് വെക്കുന്നത്.

വ്യോമയാന യാത്രകൾ പ്രോത്സാഹിപ്പിക്കുന്നതിനും, രാജ്യത്ത് പ്രവർത്തിക്കുന്ന വിമാനക്കമ്പനികളുടെ നഷ്ടം കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ് DGCA ഇത്തരം ഒരു ശുപാർശ മുന്നോട്ട് വെച്ചിട്ടുള്ളത്.