കുവൈറ്റ്: കർഫ്യു സമയം വെട്ടിക്കുറച്ചു; കൊറോണാ ബാധിത മേഖലകളിൽ ലോക്ക്ഡൌൺ

GCC News

കുവൈറ്റിലെ കർഫ്യു നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കാൻ തീരുമാനിച്ചതായി സർക്കാർ അറിയിച്ചു. മെയ് 28, വ്യാഴാഴ്ച്ച ചേർന്ന പ്രത്യേക യോഗത്തിലാണ് കുവൈറ്റ് സർക്കാർ ഇത് സംബന്ധിച്ച തീരുമാനങ്ങൾ കൈകൊണ്ടത്. ഈ തീരുമാനത്തിന്റെ ഭാഗമായി മെയ് 30, ശനിയാഴ്ച്ച മുതൽ കർഫ്യു നിയന്ത്രണങ്ങൾ ദിനവും 12 മണിക്കൂറായി കുറച്ചതായി സർക്കാർ വക്താവ് താരീഖ് അൽ മെസരേം ഓൺലൈൻ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. വൈകീട്ട് 6 മുതൽ രാവിലെ 6 വരെയായിരിക്കും മെയ് 30 മുതൽ കുവൈറ്റിൽ കർഫ്യു നടപ്പിലാക്കുക.

പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് കൊറോണാ വൈറസ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിരുന്ന അവധി തുടരാനും കുവൈറ്റ് തീരുമാനിച്ചിട്ടുണ്ട്. മെയ് 28 വരെ പ്രഖ്യാപിച്ചിരുന്ന പൊതുമേഖലയിലെ അവധി ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരും. പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ പഴയ നിലയിൽ പുനരാരംഭിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുന്നതിനു വിവിധ വകുപ്പ് മന്ത്രിമാർക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.

കർഫ്യു നിയന്ത്രണങ്ങൾക്ക് ഇളവ് നൽകി എങ്കിലും കുവൈറ്റിൽ കൊറോണാ വൈറസ് ബാധ രൂക്ഷമായിട്ടുള്ള ഏതാനം മേഖലകളിൽ നിയന്ത്രണങ്ങൾ തുടരാനും സർക്കാർ തീരുമാനം എടുത്തിട്ടുണ്ട്. 60, 120, 502, 129 എന്നീ സ്ട്രീറ്റുകളുടെ ഇടയിലുള്ള ഇടങ്ങളിലൊഴികെ ഫർവാനിയ മേഖലയിൽ ലോക്ക്ഡൌൺ ഏർപ്പെടുത്താൻ തീരുമാനിച്ചതായി സർക്കാർ വക്താവ് അറിയിച്ചു.