കുവൈറ്റ്: ഇന്ത്യയിൽ നിന്ന് പ്രതിവാരം എഴുനൂറിൽ പരം യാത്രികർക്ക് പ്രവേശനം അനുവദിക്കുമെന്ന് സൂചന

GCC News

ഇന്ത്യയിൽ നിന്ന് കുവൈറ്റിലേക്കുള്ള നേരിട്ടുള്ള യാത്രാ വിമാനസർവീസുകൾ പുനരാരംഭിക്കാനുള്ള ക്യാബിനറ്റ് തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ പ്രതിവാരം 760 ഇന്ത്യൻ യാത്രികർക്ക് പ്രവേശനം അനുവദിക്കുമെന്ന് അധികൃതർ സൂചിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വരുന്ന പ്രതിദിന യാത്രികരുടെ എണ്ണം 10000ത്തിലേക്ക് ഉയർത്തുമെന്നും എയർപോർട്ട് സ്രോതസുകളെ ഉദ്ധരിച്ച് കൊണ്ട് മാധ്യമങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്.

380 യാത്രികർ ഇന്ത്യൻ എയർലൈൻസ് വിമാനങ്ങളിലും, 380 യാത്രികർ കുവൈറ്റ് വിമാനക്കമ്പനികളുടെ വിമാനങ്ങളിലും ഇന്ത്യയിൽ നിന്ന് നേരിട്ട് പ്രവേശിക്കുന്ന രീതിയിലാണ് ഇത് നടപ്പിലാക്കുന്നതെന്നും മാധ്യമങ്ങൾ അറിയിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യങ്ങളിൽ ഇതുവരെ ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല.

ഇന്ത്യ ഉൾപ്പടെ ആറ് രാജ്യങ്ങളുമായുള്ള നേരിട്ടുള്ള യാത്രാ വിമാനസർവീസുകൾ പുനരാരംഭിക്കാൻ കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ച സാഹചര്യത്തിൽ, ഇത് നടപ്പിലാക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) ഓഗസ്റ്റ് 24-ന് അറിയിച്ചിരുന്നു. ഇന്ത്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുമായുള്ള നേരിട്ടുള്ള യാത്രാ വിമാനസർവീസുകൾ പുനരാരംഭിക്കുന്നതിന്റെ കൃത്യമായ തീയതി സംബന്ധിച്ച് ഇതുവരെ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും DGCA അറിയിച്ചിരുന്നു.

ഇന്ത്യ, ഈജിപ്ത്, നേപ്പാൾ ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളുമായുള്ള നേരിട്ടുള്ള യാത്രാ വിമാനസർവീസുകൾ പുനരാരംഭിക്കുന്നതിന് ക്യാബിനറ്റ് അനുമതി നൽകിയതായും, ഈ രാജ്യങ്ങളിൽ നിന്നുള്ള വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ റെസിഡൻസി വിസകളിലുള്ളവർക്ക് കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിന് അനുമതി നൽകാൻ തീരുമാനിച്ചതായും കുവൈറ്റ് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് 2021 ഓഗസ്റ്റ് 18-ന് അറിയിച്ചിരുന്നു. എന്നാൽ എന്ന് മുതലാണ് ഈ തീരുമാനം നടപ്പിലാക്കുന്നതെന്ന് കുവൈറ്റ് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസിൽ നിന്നോ, കുവൈറ്റ് DGCA-യിൽ നിന്നോ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനായി കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വരുന്ന യാത്രാ വിമാനങ്ങളുടെയും, പ്രതിദിന യാത്രികരുടെയും എണ്ണം അടുത്ത രണ്ടാഴ്ച്ചകൾക്കുള്ളിൽ ഉയർത്തുമെന്ന് കഴിഞ്ഞ ദിവസം പ്രാദേശിക മാധ്യമങ്ങൾ സൂചിപ്പിച്ചിരുന്നു.