കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവ തടയുന്നതിനായി ഇന്ത്യയുമായി കുവൈറ്റ് ഒരു ധാരണാപത്രത്തിൽ ഒപ്പുവച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കുവൈറ്റിലെ ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റും ഇന്ത്യയിലെ ആന്റി-മണി ലോണ്ടറിംഗ് ബ്യൂറോയുമാണ് ഈ ധാരണാപത്രത്തിൽ ഒപ്പുവച്ചിരിക്കുന്നത്.

വിവര കൈമാറ്റത്തിലും സാമ്പത്തിക രഹസ്യാന്വേഷണ ശ്രമങ്ങളിലും സഹകരണം വർദ്ധിപ്പിക്കുന്നതിന് ഈ കരാർ സഹായകമാകും.
ആഗോള സാമ്പത്തിക നിരീക്ഷണ സംഘടനയായ എഗ്‌മോണ്ട് ഗ്രൂപ്പിന്റെ ഒത്തുചേരലിനുശേഷമാണ് ഇരുകൂട്ടരും ഈ കരാറിൽ ഒപ്പുവച്ചത്. സുതാര്യതയും സഹകരണവും വർദ്ധിപ്പിക്കുന്നതിനുള്ള കുവൈറ്റിന്റെയും ഇന്ത്യയുടെയും കൂട്ടായ പ്രതിബദ്ധതയുടെ തെളിവാണെന്ന് ഈ കരാറെന്ന് കുവൈറ്റ് ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ് തലവൻ ഹമദ് അൽ-മെക്രദ് പറഞ്ഞു.
ഇത്തരം സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിലേക്കുള്ള ഒരു പ്രധാന കാൽവെപ്പാണ് ഈ കരാർ. അന്താരാഷ്ട്ര സഹകരണത്തിന്റെ വ്യാപ്തി വികസിപ്പിക്കുക, വിവര കൈമാറ്റത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുക, സാങ്കേതിക വിശകലന ശേഷികൾ ശക്തിപ്പെടുത്തുക, എതിർ യൂണിറ്റുകളുമായി പങ്കാളിത്തം കെട്ടിപ്പടുക്കുക എന്നിവയ്ക്കാണ് ഇതിന്റെ ഭാഗമായി മുൻഗണന നൽകുന്നത്.

