കുവൈറ്റിലെ ഇന്ത്യൻ എംബസിയുമായി ഇമെയിൽ, തപാൽ മുതലായ മാർഗ്ഗങ്ങളിലൂടെ ബന്ധപ്പെടുന്നവർ, തങ്ങളുടെ പൂർണ്ണ വിലാസമുൾപ്പടെയുള്ള വിവരങ്ങൾ പങ്ക് വെക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. എംബസിയിൽ നിന്ന് ഇത്തരത്തിൽ ബന്ധപ്പെടുന്നവർക്ക് മികച്ച സേവനങ്ങൾ ഉറപ്പാക്കുന്നതിന്, പൂർണ്ണ വിലാസമുൾപ്പടെയുള്ള വിവരങ്ങൾ സഹായകമാകുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
ദിനവും ഇമെയിൽ, തപാൽ മുതലായ മാർഗ്ഗങ്ങളിലൂടെ കുവൈറ്റിലെ ഇന്ത്യൻ എംബസിയിലേക്ക് തങ്ങളുടെ പ്രശ്‌നങ്ങളും, സഹായ അഭ്യർത്ഥനകളുമായി നിരവധി സന്ദേശങ്ങളാണ് ലഭിക്കുന്നതെന്നും അധികൃതർ അറിയിച്ചു. ഇത്തരം സന്ദേശങ്ങളെ സ്വാഗതം ചെയ്‌ത എംബസി, ഇത്തരം സന്ദേശങ്ങളിലൂടെ ലഭിക്കുന്ന പ്രശ്നങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ ബന്ധപ്പെട്ട അധികൃതരിൽ നിന്ന് ലഭ്യമാക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും വാഗ്‌ദാനം ചെയ്‌തു.
എംബസിയുമായി ബന്ധപ്പെടുന്നവർ, പ്രശ്‌നപരിഹാരത്തിനായുള്ള ശ്രമങ്ങൾ വേഗത്തിലാക്കുന്നതിനായി താഴെ പറയുന്ന വിവരങ്ങൾ തങ്ങളുടെ സന്ദേശങ്ങളിൽ ഉൾപ്പെടുത്താൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്:
- പാസ്സ്‌പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ള മുഴുവൻ പേര്.
- പാസ്സ്‌പോർട്ട് നമ്പർ.
- സിവിൽ ഐഡി വിവരങ്ങൾ.
- ഫോൺ നമ്പർ.
- പൂർണ്ണമായ വിലാസം.
സംഘടനകളെയും മറ്റും പ്രതിനിധീകരിച്ച് കൊണ്ട് എംബസിയുമായി ബന്ധപ്പെടുന്നവരും, ആർക്ക് വേണ്ടിയാണോ ബന്ധപ്പെടുന്നത്, ആ വ്യക്തിയുടെ പൂർണ്ണമായ വിവരങ്ങൾ ഉൾപെടുത്താൻ ശ്രമിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.