അന്താരാഷ്ട്ര യാത്രികർക്കുള്ള COVID-19 ടെസ്റ്റുകൾക്ക് മുൻ‌കൂർ ബുക്കിംഗ് നിർബന്ധമാണെന്ന് ഒമാൻ എയർപോർട്ട്സ്

GCC News

ഒക്ടോബർ 1 മുതൽ ഒമാനിലെ വിമാനത്താവളങ്ങളിലൂടെ സഞ്ചരിക്കുന്ന അന്താരാഷ്ട്ര യാത്രികർക്ക് ഏർപ്പെടുത്തിയിട്ടുള്ള COVID-19 ടെസ്റ്റുകൾ നടത്തുന്നതിന് മുൻകൂർ ബുക്കിംഗ് നിർബന്ധമാണെന്ന് ഒമാൻ എയർപോർട്ട്സ് അറിയിച്ചു. യാത്രികർ ‘Tarssud+’ ആപ്പിലൂടെ മുൻകൂറായി ഈ പരിശോധനകൾ ബുക്ക് ചെയ്യേണ്ടതും, ഇതിനു വരുന്ന തുകകൾ ആപ്പിലൂടെ നൽകേണ്ടതുമാണ്.

ഒക്ടോബർ 1 മുതൽ ഒമാനിലെ വിമാനത്താവളങ്ങളിൽ COVID-19 ടെസ്റ്റുകൾ നടത്തുന്നതിനുള്ള മുൻകൂർ ബുക്കിംഗ് സംബന്ധിച്ച് ഒമാൻ എയർപോർട്ട്സ് പുറത്തുവിട്ടിട്ടുള്ള നിർദ്ദേശങ്ങൾ:

  • ഒക്ടോബർ 1 മുതൽ മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലും, സലാല വിമാനത്താവളത്തിലും എത്തുന്നവർക്ക്, വാഹനങ്ങളിൽ ഇരുന്നു കൊണ്ട് തന്നെ കൊറോണ വൈറസ് രോഗബാധ കണ്ടെത്തുന്നതിനുള്ള ഡ്രൈവ്-ത്രൂ PCR ടെസ്റ്റിംഗ് സംവിധാനങ്ങൾ ഒരുക്കുന്നതാണ്. ഇത്തരം ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ് കേന്ദ്രങ്ങളിൽ നിന്ന് പരിശോധിക്കാൻ താത്പര്യമുള്ള പൗരന്മാർ, നിവാസികൾ എന്നിവർ ‘Tarssud+’ ആപ്പിലൂടെ മുൻകൂറായി ഈ പരിശോധനകൾ ബുക്ക് ചെയ്യേണ്ടതും, ടെസ്റ്റ് ഫീസായി 19 റിയാൽ ആപ്പിലൂടെ നൽകേണ്ടതുമാണ്.
  • വിമാനത്താവളങ്ങൾക്കുള്ളിലും PCR ടെസ്റ്റിംഗ് സംവിധാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ഒമാനിലെത്തുന്ന യാത്രികർക്ക് ‘Tarssud+’ ആപ്പിൽ രജിസ്റ്റർ ചെയ്‌ത ശേഷം, മുൻകൂറായി ഈ പരിശോധനകൾക്ക് ബുക്ക് ചെയ്യാവുന്നതാണ്. ഇത്തരം പരിശോധനകൾക്ക് വരുന്ന 25 റിയാൽ ഈ ആപ്പിലൂടെ നൽകാവുന്നതാണ്. വിമാനത്താവളത്തിലെ പരിശോധനാ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിന് ഈ ബുക്കിംഗ് സഹായകമാണ്.
  • ഈ പരിശോധനകളിൽ നെഗറ്റീവ് റിസൾട്ട് ലഭിക്കുന്നവർക്ക്, അവർ ഒമാനിൽ 7 ദിവസത്തിൽ താഴെ മാത്രമേ താമസിക്കുന്നുള്ളൂ എങ്കിൽ, സാധാരണ രീതിയിൽ തുടരാവുന്നതാണ്.
  • ഒമാനിൽ 7 ദിവസത്തിലധികം തങ്ങുന്നവർ, കൈകളിൽ ട്രാക്കിംഗ് ബാൻഡ് ധരിക്കുകയും, 14 ദിവസം ക്വാറന്റീനിൽ തുടരുകയും ചെയ്യേണ്ടതാണ്.

ഒക്ടോബർ 1 മുതൽ രാജ്യത്തേക്ക് പ്രവേശിക്കുന്ന അന്താരാഷ്ട്ര യാത്രികർക്കുള്ള COVID-19 പരിശോധനകളുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ ഒമാൻ എയർപോർട്ട്സ് കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഒമാൻ എയർപോർട്ട്സ്, ചൈനീസ് കമ്പനിയായ BGI എന്നിവർ സംയുക്തമായാണ് മസ്‌കറ്റ്, സലാല, സുഹർ, ദുഖം എന്നീ വിമാനത്താവളങ്ങളിൽ COVID-19 പരിശോധനാ സൗകര്യങ്ങൾ ഒരുക്കുന്നത്.

ഒമാനിൽ നിന്നുള്ള അന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾ ഒക്ടോബർ 1 മുതൽ പുനരാരംഭിക്കുന്നതിനും, സാധുതയുള്ള റെസിഡൻസി വിസകളിലുള്ള പ്രവാസികൾക്ക് ഒക്ടോബർ 1 മുതൽ ഒമാൻ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നുള്ള മുൻ‌കൂർ അനുവാദം ഇല്ലാതെ ഒമാനിലേക്ക് പ്രവേശിക്കുന്നതിന് അനുവാദം നൽകാനും ഒമാൻ നേരത്തെ തീരുമാനിച്ചിരുന്നു.