2021 മാർച്ച് 7 മുതൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവത്തിന്റെ പ്രതിദിന പ്രവർത്തനസമയം 24 മണിക്കൂറാക്കി ഉയർത്താൻ തീരുമാനിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എയർപോർട്ടിന്റെ പ്രവർത്തനസമയം 24 മണിക്കൂറാക്കി ഉയർത്താൻ നിർദ്ദേശിച്ച് കൊണ്ട് കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) എയർ ട്രാൻസ്പോർട്ടേഷൻ വിഭാഗം ഡയറക്ടർ അബ്ദുല്ല അൽ രജ്ഹി ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയതായാണ് മാധ്യമങ്ങൾ അറിയിച്ചിരിക്കുന്നത്.
ഇത് സംബന്ധിച്ച ഔദ്യോഗിക നിർദ്ദേശം അദ്ദേഹം നാഷണൽ ഏവിയേഷൻ സർവീസസ് കമ്പനി ഡയറക്ടർക്ക് നൽകിയതായാണ് സൂചന. മാർച്ച് 7 മുതൽ എയർപോർട്ടിന്റെ പ്രതിദിന പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കേണ്ട നടപടികളും, തയ്യാറെടുപ്പുകളും വിവിധ വകുപ്പുകളോട് അറിയിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
ഈ പുതിയ തീരുമാനത്തിന്, ഉയർന്ന രോഗസാധ്യതയുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കുവൈറ്റിലേക്ക് പ്രവേശനം അനുവദിക്കുന്നതുമായി യാതൊരു ബന്ധവുമില്ലെന്ന് DGCA വൃത്തങ്ങൾ സൂചിപ്പിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യാത്ര വിലക്കുകൾ പിൻവലിക്കുന്നത് സംബന്ധിച്ച് മന്ത്രിസഭ തീരുമാനം കൈക്കൊള്ളുന്നതാണെന്നും, ഇതുമായി DGCA-യുടെ നിർദ്ദേശത്തിന് ബന്ധമില്ലെന്നുമാണ് ലഭിക്കുന്ന സൂചന.