ഖത്തറിലെത്തുന്ന പ്രവാസികൾക്കും, സന്ദർശകർക്കും പ്രാഥമിക ആരോഗ്യ സേവനങ്ങൾക്ക് ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാക്കുന്നു

featured GCC News

ഖത്തറിലെത്തുന്ന പ്രവാസികൾക്കും, സന്ദർശകർക്കും പ്രാഥമിക ആരോഗ്യ സേവനങ്ങൾ ലഭിക്കുന്നതിന് ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാക്കാൻ തീരുമാനിക്കുന്നതിനുള്ള കരട് നിയമത്തിന് ക്യാബിനറ്റ് അംഗീകാരം നൽകി. ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഫെബ്രുവരി 24-ന് ഖത്തർ പ്രധാനമന്ത്രി H.E. ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽഅസീസ് അൽ താനിയുടെ നേതൃത്വത്തിൽ ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. രാജ്യത്തെ ആരോഗ്യ പരിചരണ സേവന മേഖലയിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനായി തയ്യാറാക്കുന്ന കരട് നിയമത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉൾപ്പെടുത്തിയിട്ടുള്ളത്. ക്യാബിനറ്റ് അംഗീകരിച്ച ഈ കരട് നിയമം തുടർനടപടികൾക്കായി ശുറ കൗൺസിലിലേക്ക് ശുപാർശ ചെയ്തിട്ടുണ്ട്.

ഖത്തറിൽ പൂർണ്ണമായും സമന്വയിപ്പിച്ചതും, ഉയർന്ന നിലവാരമുള്ളതും, ഫലപ്രദമായതും, സ്ഥായിയായതുമായ ആരോഗ്യ പരിചരണ സേവനം ഉറപ്പാക്കുന്നതിനായാണ് ഈ പുതിയ നിയമ നിർമ്മാണം. രാജ്യത്തെ പൊതു, സ്വകാര്യ ആരോഗ്യ പരിചരണ കേന്ദ്രങ്ങളിൽ നിന്ന് നൽകിവരുന്ന സേവനങ്ങൾ ഈ പുതിയ നിയമപ്രകാരം പ്രത്യേക നയപദ്ധതികളും, നടപടികളും, മാനദണ്ഡങ്ങളും പ്രകാരമാണെന്ന് ഉറപ്പുവരുത്തുന്നതാണ്.

ഇതിന്റെ ഭാഗമായി രോഗികളുടെ അവകാശങ്ങൾ, കർത്തവ്യങ്ങൾ എന്നിവ കണക്കിലെടുത്തായിരിക്കും ആരോഗ്യ പരിചരണ സേവനങ്ങൾ നൽകുന്ന മേഖലയുടെ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. ഖത്തർ പൗരന്മാർക്ക് തികച്ചും സൗജന്യമായി ആരോഗ്യ പരിചരണം ഉറപ്പാക്കുന്നതും ഈ നയത്തിന്റെ ഭാഗമാണ്. ഖത്തറിലെത്തുന്ന പ്രവാസികൾക്കും, സന്ദർശകർക്കും പ്രാഥമിക ആരോഗ്യ സേവനങ്ങൾ ലഭിക്കുന്നതിന് ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാക്കാനും ഈ നിയമത്തിൽ വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുണ്ട്.