കായിക, സാമൂഹിക, സാംസ്‌കാരിക പ്രവർത്തനങ്ങളിലേർപ്പെടുന്ന വ്യക്തികൾക്ക് ബാധകമാകുന്ന ഒരു പുതിയ പ്രത്യേക വിസ അനുവദിക്കാൻ തീരുമാനിച്ചതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് കുവൈറ്റ് ആഭ്യന്തര വകുപ്പ് മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് ഔദ്യോഗികമായ തീരുമാനം പുറപ്പെടുവിച്ചതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത്തരം വ്യക്തികൾക്ക് വിസ അനുവദിക്കന്ന നടപടിക്രമങ്ങൾ അംഗീകരിക്കപ്പെട്ട ഒരു സ്പോർട്സ് ക്ലബ്, സാംസ്‌കാരിക സ്ഥാപനം അല്ലെങ്കിൽ സാമൂഹിക സംഘടന എന്നിവയിൽ നിന്ന് ലഭിക്കുന്ന അപേക്ഷകൾ അടിസ്ഥാനമാക്കിയായിരിക്കും.
ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസ് അഫയേഴ്‌സ് മുന്നോട്ട് വെക്കുന്ന നിബന്ധനകൾക്ക് അനുസൃതമായാണ് ഇത്തരം വിസകൾ അനുവദിക്കുന്നത്. ഇത്തരം വിസകളിലെത്തുന്നവർക്ക് കുവൈറ്റിൽ മൂന്ന് മാസം വരെ താമസിക്കുന്നതിന് അനുമതിയുണ്ടായിരിക്കും.
വ്യവസ്ഥകൾക്ക് അനുസൃതമായി ഇത്തരം വിസകളുടെ കാലാവധി ഒരു വർഷത്തേക്ക് (കുവൈറ്റിലേക്ക് പ്രവേശിച്ച തീയതി മുതൽ) വരെ നീട്ടുന്നതിന് അനുമതിയുണ്ടായിരിക്കുന്നതാണ്.
Cover Image: Kuwait News Agency.