കുവൈറ്റ്: മഹാമാരിയ്ക്കെതിരായ പോരാട്ടത്തിലെ മുൻനിര പോരാളികളെ ആദരിക്കുന്നതിനായി പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി

Kuwait

രാജ്യത്തെ COVID-19 മഹാമാരിയ്ക്കെതിരായ പോരാട്ടത്തിലെ മുൻനിര പോരാളികളെ ആദരിക്കുന്നതിനായി കുവൈറ്റ് മിനിസ്ട്രി ഓഫ് കമ്മ്യൂണിക്കേഷൻസ് പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി. ‘കുവൈറ്റ് കൊറോണ വൈറസ് മഹാമാരിയുമായി പടപൊരുതുന്നു’ എന്ന പേരിലുള്ള ഈ സ്മാരക സ്റ്റാമ്പ് മിനിസ്ട്രി ഓഫ് കമ്മ്യൂണിക്കേഷൻസിലെ പോസ്റ്റൽ വകുപ്പും, കുവൈറ്റ് ഫിലാറ്റലിക് സൊസൈറ്റിയും സംയുക്തമായാണ് പുറത്തിറക്കിയിരിക്കുന്നത്.

അന്തരിച്ച കുവൈറ്റ് അമീർ ഷെയ്ഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അൽ സബായുടെ രേഖാചിത്രം ഈ സ്റ്റാമ്പിൽ ആലേഖനം ചെയ്തിട്ടുണ്ട്. ഇതോടൊപ്പം, മഹാമാരിയുടെ ആദ്യ ദിനങ്ങളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കുവൈറ്റ് പൗരന്മാരെ സ്വദേശത്തേക്കു മടക്കിക്കൊണ്ടു വരുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന കുവൈറ്റ് എയർവേസ്‌ വിമാനത്തിന്റെ ചിത്രവും ഉൾപ്പെടുത്തിയിരിക്കുന്നു.

Source: @mockuwait

രാജ്യത്തിന്റെ പുറത്ത് നിന്നുള്ള അപായങ്ങളെ തടഞ്ഞ് നിർത്തുന്നതിന്റെ പ്രതീകമായ കുവൈറ്റ് ഗേറ്റ്സിന്റെ രേഖാചിത്രത്തോടൊപ്പം, സ്വന്തം ജീവൻ പണയപ്പെടുത്തി സമൂഹത്തിനായി സേവനത്തിനിറങ്ങിയവരുടെ അടയാളങ്ങളായ പോലീസ്, നാഷണൽ ഗാർഡ്, മിലിറ്ററി, മെഡിക്കൽ പ്രവർത്തകർ, കുവൈറ്റ് റെഡ് ക്രെസെന്റ് പ്രവർത്തകർ എന്നിവരെയും ഈ സ്റ്റാമ്പിൽ ആലേഖനം ചെയ്തിട്ടുണ്ട്. 150 ഫിൽസാണ് ഈ സ്റ്റാമ്പിന്റെ വില. ഈ സ്മാരക സ്റ്റാമ്പിന് രൂപകൽപ്പന നൽകിയത് കുവൈറ്റ് ഫിലാറ്റലിക് സൊസൈറ്റിയിലെ അംഗമായ ജാബിർ അബ്ദുൽഅലി അൽ ഹിന്ദാലാണെന്ന് കുവൈറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

COVID-19 പ്രതിരോധത്തിന്റെ മുൻനിര പോരാളികളെ ആദരിക്കുന്നതിനായി യു എ ഇ, ഒമാൻ എന്നീ രാജ്യങ്ങളും നേരത്തെ പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കിയിരുന്നു.

Photo: @mockuwait & Kuwait News Agency.