രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന പൊതുമാപ്പ് പദ്ധതിയുടെ കാലാവധി 2024 ജൂൺ 30-ന് അവസാനിച്ചതോടെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ കുവൈറ്റ് ശക്തമാക്കി.
രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഇത്തരം പരിശോധനകൾ ശക്തമാക്കിയതായി 2024 ജൂലൈ 1-ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
2024 ജൂലൈ 1, തിങ്കളാഴ്ച പുലർച്ചെ മുതലാണ് കുവൈറ്റ് ആഭ്യന്തര വകുപ്പിന് കീഴിലെ വിവിധ സുരക്ഷാ വിഭാഗങ്ങൾ അനധികൃതമായി രാജ്യത്ത് തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ ശക്തമാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി നൈദ് അൽ ഗാർ, ജലീബ് അൽ ഷുയൂഖ്, മുത്ല തുടങ്ങിയ മേഖലകളിൽ പരിശോധനകൾ നടന്നു.
ഫർവാനിയയിൽ നടന്ന പരിശോധനകളിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 750-ൽ പരം അനധികൃത പ്രവാസികളെ അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ ഭൂരിഭാഗം പേരും ഒളിവിൽ പോയിട്ടുള്ളവരായിരുന്നെന്നും, ഇവർക്കെതിരെ നാട് കടത്തൽ ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് ശുപാർശ നൽകിയതായും അധികൃതർ അറിയിച്ചിട്ടുണ്ട്.
റെസിഡൻസി കാലാവധി അവസാനിച്ചവർ, ഒളിവിൽ പോയിട്ടുളളവർ, തൊഴിൽ നിയമങ്ങൾ ലംഘിച്ച് കൊണ്ട് മറ്റു സ്പോൺസർമാർക്ക് കീഴിൽ (സാധുതയുള്ള റെസിഡൻസിയുള്ള സാഹചര്യങ്ങളിലും ബാധകം) തൊഴിലെടുക്കുന്നവർ തുടങ്ങിയവരെ കണ്ടെത്തുന്ന സാഹചര്യത്തിൽ ഇവരെ ഉടനടി നാട് കടത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. റസിഡൻസി നിയമങ്ങൾ ലംഘിച്ച് കൊണ്ട് കുവൈറ്റിൽ തുടരുന്നവർക്ക് അഭയം നൽകുന്നവർക്കെതിരെ നിയമനടപടികൾ കൈക്കൊള്ളുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
രാജ്യത്ത് അനധികൃതമായി തുടരുന്ന പ്രവാസികൾക്ക് തങ്ങളുടെ രേഖകൾ ഔദ്യോഗികമായി ക്രമപ്പെടുത്തുന്നതിന് അനുവദിച്ചിട്ടുള്ള പൊതുമാപ്പ് പദ്ധതിയുടെ കാലാവധി 2024 ജൂൺ 30-ന് അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പരിശോധനകൾ ശക്തമാക്കിയത്.
പൊതുമാപ്പ് പദ്ധതിയുടെ കാലാവധി അവസാനിക്കുന്നതോടെ പരിശോധനകൾ ശക്തമാക്കുമെന്ന് കുവൈറ്റ് അധികൃതർ നേരത്തെ സൂചന നൽകിയിരുന്നു.
Cover Image: Kuwait News Agency.