കുവൈറ്റ്: അമ്യൂസ്മെന്റ് പാർക്കുകൾ, കുട്ടികളുടെ വിനോദകേന്ദ്രങ്ങൾ മുതലായവ സെപ്റ്റംബർ മുതൽ തുറക്കുമെന്ന് സൂചന

Kuwait

ഏതാണ്ട് ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം കുവൈറ്റിലെ അമ്യൂസ്മെന്റ് പാർക്കുകൾ, കുട്ടികളുടെ വിനോദകേന്ദ്രങ്ങൾ മുതലായവ 2021 സെപ്റ്റംബർ ആദ്യവാരം മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തിൽ, കുവൈറ്റിലെ ഇത്തരം കേന്ദ്രങ്ങൾ അടച്ചിട്ടിരിക്കുകയാണ്.

സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് ഇത്തരം കേന്ദ്രങ്ങൾ തുറക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിനായി വിനോദമേഖലയിലെ പ്രതിനിധികൾ കുവൈറ്റ് ആരോഗ്യ മന്ത്രാലയവുമായി ചേർന്ന് പ്രവർത്തനങ്ങൾ നടത്തി വരികയാണ്. ഇത്തരം കേന്ദ്രങ്ങളിൽ ആവശ്യമായ COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ ഉറപ്പാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായാണ് സൂചന.

ഇത്തരം കേന്ദ്രങ്ങളുടെ പരമാവധി ശേഷിയുടെ പകുതി സന്ദർശകരെ അനുവദിക്കുന്ന രീതിയിലായിരിക്കും ഇവ തുറന്ന് പ്രവർത്തിപ്പിക്കുന്നത്. തിരക്കൊഴിവാക്കുന്നതിനായി സന്ദർശകർക്ക് ഓൺലൈനിലൂടെ മുൻ‌കൂർ ബുക്കിംഗ് നിർബന്ധമാക്കുമെന്നും സൂചനയുണ്ട്.