കുവൈറ്റ്: ഭാഗിക കർഫ്യു നിയന്ത്രണങ്ങൾ റമദാൻ മാസത്തിലും തുടരാൻ സാധ്യത

Kuwait

രാജ്യത്ത് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള ഭാഗിക കർഫ്യു നിയന്ത്രണങ്ങൾ റമദാൻ മാസത്തിലും തുടരാൻ സാധ്യതയുള്ളതായി കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുവൈറ്റിലെ COVID-19 സുപ്രീം അഡ്വൈസറി കമ്മിറ്റി തലവൻ ഡോ. ഖാലിദ് അൽ ജറല്ലയെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

കുവൈറ്റിൽ 2021 മാർച്ച് 7 മുതൽ ഏപ്രിൽ 8 വരെ ഒരു മാസത്തേക്കാണ് രാജ്യവ്യാപകമായി ഭാഗിക കർഫ്യു ഏർപ്പെടുത്തിയിട്ടുള്ളത്. ദിനവും വൈകീട്ട് 6 മണി മുതൽ പിറ്റേന്ന് രാവിലെ 5 വരെയാണ് ഈ കർഫ്യു നിയന്ത്രണങ്ങൾ നിലവിൽ ഏർപ്പെടുത്തിയിട്ടുള്ളത്. ദിനവും വൈകീട്ട് 5 മണിമുതൽ പിറ്റേന്ന് രാവിലെ 5 വരെയാണ് ആദ്യ ഘട്ടത്തിൽ കർഫ്യു ഏർപ്പെടുത്തിയിരുന്നതെങ്കിലും, മാർച്ച് 23 മുതൽ ഈ കർഫ്യു നിയന്ത്രണങ്ങളുടെ സമയക്രമം വൈകീട്ട് 6 മണി മുതൽ രാവിലെ 5 വരെയാക്കി കുവൈറ്റ് സർക്കാർ പുനഃക്രമീകരിച്ചിരുന്നു.

ഈ നിയന്ത്രണങ്ങൾ ഏപ്രിൽ 8-നു ശേഷവും തുടരാൻ സാധ്യതയുള്ളതായാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. കർഫ്യു ഏർപ്പെടുത്തിയതിന് ശേഷവും രാജ്യത്ത് രോഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ ഈ നിയന്ത്രണങ്ങൾ തുടരാൻ ഇടയുണ്ടെന്ന് ഡോ. ഖാലിദ് ചൂണ്ടിക്കാട്ടി. ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളിലെ വീഴ്ച്ചകൾ പൊതുജനങ്ങൾ തുടരുന്നത് മൂലമാണ് രോഗവ്യാപനം രൂക്ഷമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് സംബന്ധിച്ച തീരുമാനങ്ങൾ ക്യാബിനറ്റ് യോഗത്തിൽ ചർച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.