രാജ്യത്തെ ക്ലിനിക്കുകളിലെയും, ഹോസ്പിറ്റലുകളിലെയും ഔട്ട്പേഷ്യന്റ്റ് വിഭാഗങ്ങളുടെ പ്രവർത്തനസമയം സംബന്ധിച്ച് കുവൈറ്റ് ആരോഗ്യ മന്ത്രാലയം ഒരു അറിയിപ്പ് പുറത്തിറക്കി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇതുമായി ബന്ധപ്പെട്ട് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. അബ്ദുൽ റഹ്മാൻ അൽ മുതൈരി ഒരു വിജ്ഞാപനം പുറത്തിറക്കിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിമാർ, വിവിധ മേഖലകളിലെ ആരോഗ്യ വകുപ്പ് ഡയറക്ടർമാർ, മെഡിക്കൽ സ്ഥാപനങ്ങളുടെ തലവന്മാർ തുടങ്ങിയവർക്കായാണ് ഈ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.
ഈ വിജ്ഞാപന പ്രകാരം, ഹോസ്പിറ്റലുകളിലും, മറ്റു മെഡിക്കൽ കേന്ദ്രങ്ങളിലെയും ഔട്ട്പേഷ്യന്റ്റ് ക്ലിനിക്കുകളുടെ പ്രവർത്തനം രാവിലെ 7.30 മുതൽ ആരംഭിക്കുന്നതാണ്. ഇത്തരം ഇടങ്ങളിലെ പുരുഷ ജീവനക്കാരുടെ പ്രവർത്തിസമയം രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 മണിവരെയും, വനിതാ ജീവനക്കാരുടെ പ്രവർത്തിസമയം രാവിലെ 7 മുതൽ ഉച്ചയ്ക്ക് 1.45 വരെയുമാക്കി നിശ്ചയിച്ചിട്ടുണ്ട്.