2023 ഫെബ്രുവരി 28-ന് വൈകീട്ട് 5:30 മുതൽ അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2023 ഫെബ്രുവരി 26-ന് രാത്രിയാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
കുവൈറ്റ് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കരിമരുന്നുപ്രയോഗത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ഗതാഗത നിയന്ത്രണം. ഫെബ്രുവരി 28, ചൊവ്വാഴ്ച വൈകീട്ട് 5:30 മുതൽ ഈ ആഘോഷപരിപാടികൾ അവസാനിക്കുന്നത് വരെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.
ഫെബ്രുവരി 28-ന് രാത്രി 8 മണിക്ക് കുവൈറ്റ് ടവേഴ്സിൽ വെച്ചാണ് ഈ കരിമരുന്നുപ്രയോഗം സംഘടിപ്പിക്കുന്നത്. അറേബ്യൻ ഗൾഫ് സ്ട്രീറ്റ് ഖാലിദ് അൽ മർസൂഖ് റോഡുമായി (സെക്കന്റ് റിംഗ് റോഡ്) ചേരുന്ന ഇന്റർസെക്ഷൻ മുതൽ ബ്രിട്ടീഷ് എംബസി (ജാസിം അൽ ബഹർ സ്ട്രീറ്റ്) വരെയുള്ള മേഖലയിലാണ് ഈ നിയന്ത്രണം.
വിവിധ ഇടങ്ങളിൽ നിന്നായി ഈ മേഖലയിലേക്ക് നിരവധി പ്രത്യേക ബസ് സർവീസുകൾ ഏർപ്പെടുത്തിയതായി ജനറൽ ട്രാഫിക് വിഭാഗം അറിയിച്ചിട്ടുണ്ട്. ഹവല്ലി പാർക്ക്, ശർക്ക് മാർക്കറ്റ്, ശർക്ക് പോലീസ് സ്റ്റേഷന് എതിർവശം, ഗൾഫ് സ്ട്രീറ്റിലെ യാച്ച് ക്ലബ് തുടങ്ങിയ നിരവധി വാഹന പാർക്കിംഗ് ഇടങ്ങൾ ഒരുക്കിയതായും ജനറൽ ട്രാഫിക് വിഭാഗം കൂട്ടിച്ചേർത്തു.
Cover Image: Kuwait News Agency.