രാജ്യത്തെ അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികളുടെ വർക്ക് പെർമിറ്റുകൾ പുതുക്കുന്നതിന് ഏർപ്പെടുത്തിയ വിലക്കുകൾ പിൻവലിക്കുന്നത് ഇതുവരെ പ്രവർത്തികമാകാത്ത സാഹചര്യത്തിൽ ഈ വിഭാഗങ്ങളിൽപ്പെടുന്നവരുടെ പെർമിറ്റുകൾ താത്കാലികമായി നീട്ടി നൽകുന്നതിനുള്ള നടപടികൾ കുവൈറ്റ് അധികൃതർ കൈക്കൊള്ളുന്നതായി സൂചന. 60 വയസിന് മുകളിൽ പ്രായമുള്ള, റെസിഡൻസി പെർമിറ്റുകളുടെ കാലാവധി അവസാനിച്ചവരുടെ പെർമിറ്റുകൾ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം താത്കാലികമായി നീട്ടി നൽകുന്നത് തുടരുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ആഭ്യന്തര മന്ത്രാലയത്തിലെ സ്രോതസുകളെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തെ അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികളുടെ വർക്ക് പെർമിറ്റുകൾ പുതുക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്കുകൾ ഔദ്യോഗികമായി പിൻവലിക്കാൻ നവംബർ 4-ന് കുവൈറ്റ് വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി അബ്ദുല്ല അൽ സൽമാന്റെ നേതൃത്വത്തിൽ ചേർന്ന പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ബോർഡ് യോഗത്തിൽ തീരുമാനമായതായി നേരത്തെ സൂചനകളുണ്ടായിരുന്നു.
ഈ തീരുമാനം ഔദ്യോഗികമായി പിൻവലിച്ചതായും, ഇത്തരക്കാരുടെ വർക്ക് പെർമിറ്റ് പുതുക്കുന്നതിന് പ്രതിവർഷം 500 ദിനാർ ഫീസായി ഏർപ്പെടുത്തുന്നതിനും, നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തുന്നതിനും കുവൈറ്റ് തീരുമാനിച്ചതായും സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നെങ്കിലും പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഇതുവരെ ഇത് ഔദ്യോഗികമായി നടപ്പിലാക്കിയിട്ടില്ല. യൂണിവേഴ്സിറ്റി ബിരുദം ഇല്ലാത്ത അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികളെ നിയമിക്കുന്നതിനാണ് കുവൈറ്റ് നേരത്തെ വിലക്കേർപ്പെടുത്തിയിരുന്നത്.
പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഇതുവരെ ഈ തീരുമാനം പിൻവലിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാകാത്തതിനാൽ ഈ വിഭാഗത്തിൽപ്പെടുന്നവർക്ക് തങ്ങളുടെ റെസിഡൻസി പെർമിറ്റുകൾ പുതുക്കുന്നതിന് സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ്, മാനുഷിക പരിഗണന കണക്കിലെടുത്ത്, ഇത്തരക്കാരുടെ പെർമിറ്റുകളുടെ കാലാവധി ഏതാനം മാസങ്ങളിലേക്ക് നീട്ടി നൽകാനുള്ള നടപടികൾ ആഭ്യന്തര മന്ത്രാലയം കൈക്കൊണ്ടതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
എന്നാൽ ഇത്തരം താത്കാലിക റെസിഡൻസി പെർമിറ്റുകളിലുള്ള പ്രവാസികൾ കുവൈറ്റിൽ നിന്ന് വിദേശത്തേക്ക് യാത്രചെയ്യുന്നത് ഒഴിവാക്കണമെന്നും, ഇത്തരം വിസകളിൽ പുറത്ത് പോകുന്നവർക്ക്, അതേ വിസകൾ ഉപയോഗിച്ച് കുവൈറ്റിലേക്ക് തിരികെ പ്രവേശിക്കാനാകില്ലെന്നും ആഭ്യന്തര മന്ത്രാലയത്തിലെ സ്രോതസ്സുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികളെ നിയമിക്കുന്നത് വിലക്കിയ തീരുമാനത്തിന് നിയമ പരിരക്ഷയില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കുവൈറ്റ് ലീഗൽ അഡ്വൈസ് ആൻഡ് ലെജിസ്ലേഷൻ ഡിപ്പാർട്മെന്റ് ഈ തീരുമാനം ഒക്ടോബറിൽ റദ്ദ് ചെയ്തിരുന്നു. ഔദ്യോഗിക അംഗീകാരമില്ലാതെയാണ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഈ തീരുമാനം കൈക്കൊണ്ടതെന്നും ലീഗൽ അഡ്വൈസ് ആൻഡ് ലെജിസ്ലേഷൻ ഡിപ്പാർട്മെന്റ് വ്യക്തമാക്കിയിരുന്നു.