കുവൈറ്റ്: റെസിഡൻസി വിസകളിലുള്ളവരെ 3 ഘട്ടങ്ങളിലായി രാജ്യത്തേക്ക് മടക്കിയെത്തിക്കാൻ ആഭ്യന്തര മന്ത്രാലയം പദ്ധതി തയ്യാറാക്കുന്നു

GCC News

നിലവിൽ കുവൈറ്റിന് പുറത്തുള്ള സാധുതയുള്ള റെസിഡൻസി വിസകളുള്ളവരെ, മൂന്ന് ഘട്ടങ്ങളിലായി രാജ്യത്തേക്ക് മടക്കിയെത്തിക്കാനുള്ള പദ്ധതിക്ക് ആഭ്യന്തര മന്ത്രലയം രൂപം നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റൈസിഡൻസി വിസകളിലുള്ളവർ മടങ്ങിയെത്തുമ്പോൾ വിമാനത്താവളത്തിലുണ്ടാകാനിടയുള്ള അമിതമായ തിരക്ക് ഒഴിവാക്കുന്നതിനായാണ് ഘട്ടം ഘട്ടമായി തിരികെയെത്താൻ അനുമതി നൽകാൻ പദ്ധതി തയ്യാറാക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.

ആദ്യ ഘട്ടത്തിൽ നിര്‍ണ്ണായകമായ തൊഴിൽമേഖലകളിൽ ജോലി ചെയ്യുന്നവർക്കായിരിക്കും തിരികെയെത്താൻ അനുമതി നൽകുന്നത്. ഡോക്ടർ, നേഴ്സ് മുതലായ ആരോഗ്യ പ്രവർത്തകർ, ടീച്ചർമാർ എന്നിങ്ങനെയുള്ള തൊഴിലുകളിലുള്ളവരെയായിരിക്കും ആദ്യ ഘട്ടത്തിൽ പരിഗണിക്കുന്നത് എന്നാണ് മന്ത്രാലയത്തിൽ നിന്ന് ലഭിക്കുന്ന സൂചനകൾ. ഇത്തരം തൊഴിലുകളിലുള്ളവരുടെ വിവരങ്ങൾ വിവിധ മന്ത്രാലയങ്ങളുമായി ചേർന്ന് ആഭ്യന്തര മന്ത്രാലയം ശേഖരിച്ച് വരുന്നതായും സൂചനകളുണ്ട്.

രണ്ടാം ഘട്ടത്തിൽ, കുവൈറ്റിൽ കുടുംബാംഗങ്ങൾ ഉള്ളവർക്കായിരിക്കും മുൻഗണന നൽകുന്നത്. ആശ്രിത വിസകൾ, ആർട്ടിക്കിൾ 18 പ്രകാരമുള്ള റെസിഡൻസി വിസകൾ ഉള്ള കുടുംബനാഥന്മാർ മുതലായവരെയാണ് ഈ ഘട്ടത്തിൽ തിരികെമടങ്ങാൻ അനുവദിക്കുന്നത്. മൂന്നാം ഘട്ടത്തിൽ മറ്റുള്ള റെസിഡൻസി വിസകളിലുള്ളവർക്ക് രാജ്യത്തേക്ക് മടങ്ങിയെത്താൻ അനുവാദം നൽകും.

ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് വിദേശകാര്യ മന്ത്രാലയത്തിലേക്ക് കൈമാറിയതായാണ് ലഭിക്കുന്ന വിവരം. എന്നാൽ ഈ നിർദ്ദേശങ്ങളിൽ കൂടുതൽ അവലോകനങ്ങളും, ഭേദഗതികളും വരുത്തിയ ശേഷം മാത്രമായിരിക്കും ഔദ്യോഗികമായി തീരുമാനം നടപ്പിലാക്കുന്നത്.