ദുബായ്: വിദ്യാലയങ്ങൾക്ക് 2022 മെയ് 16-ന് അവധി പ്രഖ്യാപിച്ചു

GCC News

യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് ഖലീഫ ബിൻ സായിദ്‌ അൽ നഹ്യാന്റെ നിര്യാണത്തിൽ അനുശോചിച്ച് കൊണ്ട് എമിറേറ്റിലെ മുഴുവൻ വിദ്യാലയങ്ങളും 2022 മെയ് 16, തിങ്കളാഴ്ച അടച്ചിടുമെന്ന് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (KHDA) അറിയിച്ചു. വിദ്യാലയങ്ങൾ മെയ് 17, ചൊവ്വാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കുന്നതാണ്.

2022 മെയ് 13-നാണ് KHDA ഇക്കാര്യം അറിയിച്ചത്. എമിറേറ്റിലെ സ്‌കൂളുകൾ, യൂണിവേഴ്സിറ്റികൾ, നഴ്‌സറികൾ, പരിശീലന കേന്ദ്രങ്ങൾ എന്നിവ ഉൾപ്പടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ തീരുമാനം ബാധകമാണ്.

യു എ ഇ പ്രസിഡന്റും, അബുദാബി ഭരണാധികാരിയുമായ H.H. ഷെയ്ഖ് ഖലീഫ ബിൻ സായിദ്‌ അൽ നഹ്യാൻ 2022 മെയ് 13, വെള്ളിയാഴ്ച്ചയാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് യു എ ഇ മിനിസ്ട്രി ഓഫ് പ്രെസിഡെൻഷ്യൽ അഫയേഴ്‌സ് 2022 മെയ് 13, വെള്ളിയാഴ്ച മുതൽ രാജ്യത്ത് നാല്പത് ദിവസത്തെ ഒദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

രാജ്യത്തെ മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ എന്നിവയ്ക്ക് 2022 മെയ് 14 മുതൽ 3 ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 17, ചൊവ്വാഴ്ച മുതൽ സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനം പുനരാരംഭിക്കുന്നതാണ്.