രാജ്യത്തെ ദേശീയ പതാകയെ അപമാനിക്കുന്ന പ്രവർത്തികൾക്കെതിരെ ശക്തമായ നിയമ നടപടികൾ ഉണ്ടാകുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. 2022 ഫെബ്രുവരി 28-ന് രാത്രിയാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
കുവൈറ്റ് ദേശീയ പതാകയെയോ, മറ്റു സൗഹൃദരാജ്യങ്ങളുടെ ദേശീയ പതാകയെയോ അപമാനിക്കുന്നതും, അപകീർത്തിപ്പെടുത്തുന്നതുമായ പ്രവർത്തനങ്ങൾക്ക് രാജ്യത്ത് മൂന്ന് വർഷം വരെ തടവും, 250 ദിനാർ പിഴയും ശിക്ഷയായി ലഭിക്കാമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിലെ മേജർ ജനറൽ ഫരാജ് അൽ സൗബി ചൂണ്ടിക്കാട്ടി. ദേശീയ പതാക കേടു വരുത്തുന്നതും, കീറുന്നതും, പ്രവർത്തികളിലൂടെ അപമാനിക്കുന്നതുമായ എല്ലാ പ്രവർത്തനങ്ങളും ഈ നിയമത്തിന്റെ പരിധിയിൽ വരുമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
കുവൈറ്റിലെ ഇത്തവണത്തെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ചെറുപ്പക്കാരുടെ ഇടയിൽ നിന്നുണ്ടായ ചില പ്രവർത്തികളുമായി ബന്ധപ്പെട്ട് പ്രതികരിക്കുന്നതിനിടയിലാണ് അദ്ദേഹം ഈ മുന്നറിയിപ്പുകൾ നൽകിയത്. കുട്ടികളിൽ ഇത്തരം പ്രവണതകൾ ഒഴിവാക്കുന്നതിനുള്ള ബോധവത്കരണം നൽകേണ്ടത് രക്ഷിതാക്കളുടെ ചുമതലയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.