റോഡ് സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി രാജ്യത്തെ ട്രാഫിക് നിയമങ്ങൾ പരിഷ്‌കരിക്കുന്നതിന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഒരുങ്ങുന്നതായി സൂചന. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.
ഇതിന്റെ ഭാഗമായി ട്രാഫിക് നിയമങ്ങൾ പാലിക്കാത്തവർക്ക് കൂടുതൽ കടുത്ത ശിക്ഷാ നടപടികൾ നൽകുന്ന രീതിയിലുള്ള വ്യവസ്ഥകൾ ട്രാഫിക് നിയമങ്ങളിൽ ഉൾപ്പെടുത്തുന്നതിനാണ് മന്ത്രാലയം ഒരുങ്ങുന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. റോഡ് സുരക്ഷ ഉറപ്പ് വരുത്തുക, അശ്രദ്ധമായുള്ള ഡ്രൈവിംഗ് രീതികൾ തടയുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ഇത്തരം ഒരു നീക്കം.
പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത് പ്രകാരം കുവൈറ്റിലെ ട്രാഫിക് നിയമങ്ങളിൽ താഴെ പറയുന്ന പരിഷ്‌കാരങ്ങൾ ഉൾപ്പെടുത്തുമെന്നാണ് സൂചന:
- മദ്യം, മയക്ക് മരുന്ന് എന്നിവ ഉപയോഗിച്ച് വാഹനമോടിക്കുന്നവർക്ക് ആയിരം മുതൽ മൂവായിരം ദിനാർ വരെ പിഴ, ഒന്ന് മുതൽ മൂന്ന് വര്ഷം വരെ തടവ് എന്നിവ ശിക്ഷയായി ലഭിക്കുന്നതാണ്.
- വാഹനമോടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് മൂന്ന് മാസം തടവ്, 300 ദിനാർ പിഴ.
- പരമാവധി വേഗപരിധി മറികടക്കുന്നവർക്ക് മൂന്ന് മാസം തടവ്, 500 ദിനാർ പിഴ.
- വാഹനങ്ങളിലെ ചില്ലുകളിൽ പതിപ്പിക്കുന്ന കൂളിംഗ് ഫിലിം സംബന്ധിച്ച നിയമലംഘനങ്ങൾക്ക് രണ്ട് മാസം തടവ്, 200 ദിനാർ പിഴ.
- കുട്ടികളെയും, വളർത്ത് മൃഗങ്ങളെയും വാഹനങ്ങളിൽ തനിച്ചാക്കി പോകുന്നവർക്കും, കുട്ടികളെയും, വളർത്ത് മൃഗങ്ങളെയും വാഹനങ്ങളുടെ ജനലുകളിലൂടെ തല പുറത്തേക്ക് ഇടാൻ അനുവദിച്ച് കൊണ്ട് വാഹനമോടിക്കുന്നവർക്കും 75 ദിനാർ പിഴ.
- പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടികളെ വാഹനങ്ങളുടെ മുൻ സീറ്റിൽ ഇരിക്കാൻ അനുവദിക്കുന്നതിന് 100 മുതൽ 200 ദിനാർ വരെ പിഴ.
- ആംബുലൻസ്, ഫയർ ട്രക്ക്, പോലീസ് കാർ തുടങ്ങിയ എമർജൻസി വാഹനങ്ങൾക്ക് തടസം ഉണ്ടാക്കുന്ന രീതിയിൽ വാഹനമോടിക്കുന്നവർക്ക് 250 മുതൽ 500 ദിനാർ വരെ പിഴ.
- റെഡ് സിഗ്നൽ മറികടക്കുന്നവർക്ക് മൂന്ന് മാസം തടവ്, 200 മുതൽ 500 ദിനാർ വരെ പിഴ.