കുവൈറ്റ് മുസാഫിർ ആപ്പിന്റെ ഉപയോഗം സംബന്ധിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിപ്പ് പുറത്തിറക്കി. വിദേശത്ത് നിന്നെത്തുന്ന യാത്രികർക്ക് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള ഈ ആപ്പിലൂടെയുള്ള രജിസ്ട്രേഷൻ തുടരുമെന്നാണ് കുവൈറ്റ് DGCA അറിയിച്ചിട്ടുള്ളത്.
ജൂലൈ 21-ന് വൈകീട്ടാണ് കുവൈറ്റ് DGCA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. വിദേശത്ത് നിന്ന് കുവൈറ്റിലേക്ക് യാത്ര ചെയ്യുന്നവർ, യാത്ര പുറപ്പെടുന്നതിന് ചുരുങ്ങിയത് 24 മണിക്കൂറെങ്കിലും മുൻപായി കുവൈറ്റ് മുസാഫിർ ആപ്പിലെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണെന്ന് DGCA മെയ് 31-ന് അറിയിച്ചിരുന്നു.
കുവൈറ്റിന് പുറത്തുള്ളവർ, യാത്ര ചെയ്യുന്നതിനായി കുവൈറ്റ് മുസാഫിർ ആപ്പ് ഉപയോഗിക്കുന്ന അവസരത്തിൽ അനുഭവപ്പെടുന്ന വിവിധ ബുദ്ധിമുട്ടുകൾ വിശകലനം ചെയ്തതായും കുവൈറ്റ് DGCA വ്യക്തമാക്കി. നിലവിൽ കുവൈറ്റിന് പുറത്തുള്ളവർക്ക് കുവൈറ്റ് മുസാഫിർ ആപ്പിലൂടെ രജിസ്റ്റർ ചെയ്യുന്നതിലും, ഉപയോഗിക്കുന്നതിലും തടസം നേരിടുന്നതായി പരാതികൾ ഉയർന്നിരുന്നു. ഇത് മൂലം കുവൈറ്റിലേക്കുള്ള യാത്രകൾ മുടങ്ങിയതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
എന്നാൽ ഈ ആപ്പിലൂടെയുള്ള രജിസ്ട്രേഷൻ ഒഴിവാക്കാൻ നിലവിൽ തീരുമാനിച്ചിട്ടില്ലെന്നും, ഈ ആപ്പിലൂടെയുള്ള രജിസ്ട്രേഷൻ കുവൈറ്റിലേക്ക് യാത്ര ചെയ്യുന്നവർക്ക് നിർബന്ധമാണെന്നും DGCA വ്യക്തമാക്കി. കൂടുതൽ മികച്ച ഒരു ആപ്പ് കണ്ടെത്തുന്ന സാഹചര്യത്തിൽ കുവൈറ്റ് മുസാഫിർ ആപ്പ് ഒഴിവാക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും DGCA കൂട്ടിച്ചേർത്തു.
കുവൈറ്റിലേക്കുള്ള യാത്രാ നടപടികൾ കൂടുതൽ സുഗമമാക്കുന്നതിനായാണ് DGCA കുവൈറ്റ് മുസാഫിർ ആപ്പ് പുറത്തിറക്കിയത്. വിമാന യാത്രകൾ സംബന്ധിച്ച വിവരങ്ങൾ നൽകുന്നതിനും, മെഡിക്കൽ സംബന്ധമായ വിവരങ്ങൾ മുൻകൂട്ടി നൽകുന്നതിനും, ആരോഗ്യ സുരക്ഷ സംബന്ധമായ നടപടികൾ പൂർത്തിയാക്കുന്നതിനും യാത്രികർക്ക് ഈ ആപ്പിലെ രജിസ്ട്രേഷനിലൂടെ സാധിക്കുന്നതാണ്.
യാത്രികർ നേരിടുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനായി ഈ ആപ്പിൽ യാത്രികരുടെ ഭാഗത്ത് നിന്ന് നൽകേണ്ടതായ വിവരങ്ങൾ ലഘൂകരിക്കുന്നതിനുള്ള നടപടികൾ കൈക്കൊണ്ടതായി DGCA നേരത്തെ സൂചിപ്പിച്ചിരുന്നു. യാത്ര പുറപ്പെടുന്നതിന് ചുരുങ്ങിയത് 24 മണിക്കൂറെങ്കിലും മുൻപായി കുവൈറ്റ് മുസാഫിർ ആപ്പിലെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നത്, യാത്ര പുറപ്പെടുന്ന രാജ്യങ്ങളിലെ വിമാനത്താവളത്തിലെ ചെക്ക്-ഇൻ കൗണ്ടറുകളിൽ നേരിടാവുന്ന പ്രതിബന്ധങ്ങൾ ഒഴിവാക്കുന്നതിന് ഏറെ സഹായകമാകുമെന്നും DGCA നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.