കുവൈറ്റ്: COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്തവർക്ക് വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നതിന് അനുമതി നൽകില്ല

Kuwait

ആരോഗ്യ സംബന്ധമായ കാരണങ്ങളാൽ COVID-19 വാക്സിൻ സ്വീകരിക്കാത്ത പ്രവാസികൾക്ക് കുവൈറ്റിലേക്ക് തിരികെ പ്രവേശിക്കാൻ അനുമതി ഉണ്ടായിരിക്കുന്നതല്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഉയർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ പ്രവാസികൾക്ക് 2021 ഓഗസ്റ്റ് 1 മുതൽ രാജ്യത്തേക്ക് പ്രവേശിക്കാൻ കുവൈറ്റ് ക്യാബിനറ്റ് അനുമതി നൽകിയിരുന്നു. പതിനാറ് വയസിന് താഴെ പ്രായമുള്ള വാക്സിനെടുക്കാത്ത വിദേശികളായ കുട്ടികൾക്ക്, അവരുടെ ഒപ്പമുള്ള മാതാപിതാക്കൾ വാക്സിനെടുത്തവരാണെങ്കിൽ പ്രവേശനാനുമതി നൽകുമെന്നും എയർപോർട്ട് വൃത്തങ്ങൾ സൂചിപ്പിച്ചു.

2021 ഓഗസ്റ്റ് 1 മുതൽ വിദേശത്ത് നിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്ന പ്രവാസികൾക്ക് ബാധകമാക്കുന്ന ആരോഗ്യ സുരക്ഷാ നിയമങ്ങൾ സംബന്ധിച്ച് കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) കഴിഞ്ഞ ദിവസം അറിയിപ്പ് നൽകിയിട്ടുണ്ട്. വിദേശത്ത് നിന്ന് കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിന് ഏതാണ്ട് ആറ് മാസത്തോളമായി തുടരുന്ന വിലക്കുകൾ ഓഗസ്റ്റ് 1 മുതൽ ഒഴിവാക്കാനുള്ള ക്യാബിനറ്റ് തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് DGCA പ്രവേശന നിബന്ധനകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള പ്രവാസികൾ തങ്ങളുടെ വിവരങ്ങൾ ‘Shlonik’ ആപ്പിലൂടെയും, ‘Kuwait Mosafer’ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയും രജിസ്റ്റർ ചെയ്തശേഷമാണ് യാത്രകൾ അനുവദിക്കുന്നത്. കുവൈറ്റിലേക്ക് പ്രവേശിക്കുന്നവർക്കും, കുവൈറ്റിൽ നിന്ന് യാത്ര ചെയ്യുന്നവർക്കും ഈ നടപടികൾ ബാധകമാണ്.