കഴിഞ്ഞ വർഷത്തെ കണക്കുകൾ അനുസരിച്ച് കുവൈറ്റിലെ അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികളുടെ എണ്ണത്തിൽ പതിനേഴ് ശതമാനം കുറവ് രേഖപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2021-ൽ കുവൈറ്റിലെ പൊതു, സ്വകാര്യ മേഖലയിൽ നിന്നായി ഇത്തരത്തിലുള്ള ആകെ 13530 പ്രവാസികൾ തങ്ങളുടെ നാടുകളിലേക്ക് തിരികെ മടങ്ങിയിട്ടുണ്ട്.
2021 ജനുവരി 1 മുതൽ സെപ്റ്റംബർ അവസാനം വരെയുള്ള കണക്കുകൾ പ്രകാരമാണിത്. രാജ്യത്തെ പൊതു, സ്വകാര്യ മേഖലയിൽ തൊഴിലെടുത്തിരുന്ന അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികളുടെ എണ്ണം 2021 ജനുവരി 1-ന് 81500 ആയിരുന്നു. 2021 സെപ്റ്റംബർ അവസാനത്തോടെ ഇത് 67980 ആയി കുറഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു.
എന്നാൽ ഈ കാലയളവിൽ അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികളായ ഗാർഹിക ജീവനക്കാരുടെ എണ്ണം ഉയർന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏതാണ്ട് 12 ശതമാനം വർദ്ധനവാണ് ഈ പ്രായവിഭാഗത്തിലുള്ള പ്രവാസികളായ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
Cover Photo: Kuwait News Agency.