കുവൈറ്റ്: ടൂറിസ്റ്റ്, ഫാമിലി വിഭാഗങ്ങളിൽപ്പെടുന്ന പുതിയ സന്ദർശക വിസകൾ അനുവദിച്ച് തുടങ്ങിയതായി ആഭ്യന്തര മന്ത്രാലയം

Kuwait

രാജ്യത്ത് ടൂറിസ്റ്റ്, ഫാമിലി വിഭാഗങ്ങളിൽപ്പെടുന്ന പുതിയ സന്ദർശക വിസകൾ അനുവദിച്ച് തുടങ്ങിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള റെസിഡൻസി അഫയേഴ്‌സ് വകുപ്പ് അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുവൈറ്റ് മന്ത്രിസഭയുടെ നിർദ്ദേശത്തെ തുടർന്നാണ് ഈ നടപടി.

വാണിജ്യ ആവശ്യത്തിനുള്ളതും, ഫാമിലി, ടൂറിസ്റ്റ് വിഭാഗങ്ങളിലുമുള്ളതുമായ എല്ലാ തരാം വിസിറ്റ് വിസകളും പുനരാരംഭിച്ചിട്ടുണ്ടെന്ന് ഈ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ പ്രവാസികളുടെ അടുത്ത കുടുംബാംഗങ്ങൾക്ക് ആർട്ടിക്കിൾ 22 പ്രകാരമുള്ള ആശ്രിത, അല്ലെങ്കിൽ ഫാമിലി വിസ, ആർട്ടിക്കിൾ 14 പ്രകാരമുള്ള വാണിജ്യ, ടൂറിസ്റ്റ് വിസിറ്റ് വിസ എന്നിവ നൽകുന്ന നടപടികൾ ഏതാനം നിബന്ധനകളോടെയാണ് ആരംഭിച്ചിരിക്കുന്നതെന്നും സ്രോതസ്സുകൾ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ നിർദ്ദേശപ്രകാരം, മെഡിക്കൽ മേഖലയിലും, വിദ്യാഭ്യാസ മേഖലയിലും പ്രവർത്തിക്കുന്ന പ്രവാസികളുടെ അടുത്ത കുടുംബാംഗങ്ങൾക്കാണ് ഇത്തരം വിസകൾ നിലവിൽ അനുവദിക്കുന്നത്.

ഇത്തരത്തിൽ ഏതാനം പുതിയ വിസകൾ അനുവദിച്ചതായും, നിലവിൽ വളരെ പരിമിതമായ അളവിൽ മാത്രമാണ് ഇത്തരം വിസകൾ അനുവദിക്കുന്നതെന്നും സ്രോതസ്സുകൾ അറിയിച്ചിട്ടുണ്ട്.

കുവൈറ്റിലേക്ക് സന്ദർശകരായി പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ വിസിറ്റ് വിസകൾ അനുവദിക്കുന്ന സേവനം ആഭ്യന്തര മന്ത്രാലയം ഉടൻ തന്നെ പുനരാരംഭിക്കുമെന്ന് ഏതാനം ദിവസങ്ങൾക്ക് മുൻപ് പ്രാദേശിക മാധ്യമങ്ങൾ സൂചന നൽകിയിരുന്നു.