നിലവിൽ കുവൈറ്റിലേക്ക് നേരിട്ടുള്ള യാത്രകൾക്ക് വിലക്കേർപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളിൽ നിന്നുള്ള വിമാനസർവീസുകൾ അനുവദിക്കുന്നതിന്റെ സാധ്യതകൾ പരിശോധിച്ച് വരുന്നതായി കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) ഡയറക്ടർ യൗസേഫ് ഫവാസാൻ വ്യക്തമാക്കി. ഇന്ത്യ ഉൾപ്പടെ അഞ്ച് രാജ്യങ്ങൾക്കാണ് കുവൈറ്റ് നേരിട്ടുള്ള വിമാനസർവീസുകൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ പ്രവാസികൾക്ക് 2021 ഓഗസ്റ്റ് 1 മുതൽ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകാനുള്ള കുവൈറ്റ് ക്യാബിനറ്റ് തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് 1 മുതൽ യാത്രാ വിലക്കുകൾ നിലനിൽക്കുന്ന ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് നേരിട്ടുള്ള വിമാനസർവീസുകൾ അനുവദിക്കാൻ ഈ ഘട്ടത്തിൽ തീരുമാനിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ രാജ്യങ്ങളിൽ നിന്നുള്ള വിമാനസർവീസുകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ച് കുവൈറ്റ് പഠിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഓഗസ്റ്റ് 1 മുതൽ മറ്റു രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളെ നിബന്ധനകളോടെ സ്വീകരിക്കുന്നതിന് ആവശ്യമായ തയ്യാറെടുപ്പുകൾ കുവൈറ്റ് എയർപോർട്ട് പൂർത്തിയാക്കിയതായി അദ്ദേഹം അറിയിച്ചു. കുവൈറ്റിൽ സാധുതയുള്ള റെസിഡൻസി വിസകളിലുള്ള, വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ പ്രവാസികൾക്കാണ് ഓഗസ്റ്റ് 1 മുതൽ പ്രവേശനാനുമതി നൽകുന്നത്. ഇതിനായി ഇവർ കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് 72 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്.
2021 ഓഗസ്റ്റ് 1 മുതൽ വിദേശത്ത് നിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്ന പ്രവാസികൾക്ക് ബാധകമാക്കുന്ന ആരോഗ്യ സുരക്ഷാ നിയമങ്ങൾ സംബന്ധിച്ച് കുവൈറ്റ് DGCA കഴിഞ്ഞ ദിവസം അറിയിപ്പ് പുറത്തിറക്കിയിരുന്നു. ഈ അറിയിപ്പ് പ്രകാരം, COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള പ്രവാസികൾ തങ്ങളുടെ വിവരങ്ങൾ ‘Shlonik’ ആപ്പിലൂടെയും, ‘Kuwait Mosafer’ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയും രജിസ്റ്റർ ചെയ്യേണ്ടതാണ്. കുവൈറ്റിലേക്ക് പ്രവേശിക്കുന്നവർക്കും, കുവൈറ്റിൽ നിന്ന് യാത്ര ചെയ്യുന്നവർക്കും ഈ നടപടികൾ ബാധകമാണ്.