യു എ ഇ: അമ്പത്തിരണ്ടാമത് ദേശീയദിനാഘോഷത്തിന്റെ ഭാഗമായി പുതിയ 500 ദിർഹം കറൻസി നോട്ട് പുറത്തിറക്കി

featured GCC News

രാജ്യത്തിന്റെ അമ്പത്തിരണ്ടാമത് ദേശീയദിനാഘോഷത്തിന്റെ ഭാഗമായി സെൻട്രൽ ബാങ്ക് ഓഫ് യു എ ഇ ഒരു പുതിയ 500 ദിർഹം കറൻസി നോട്ട് പുറത്തിറക്കി. 2023 നവംബർ 29-ന് രാത്രി എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

യു എ ഇ നേതൃത്വത്തിന്റെ സുസ്ഥിരതയിലൂന്നിയുള്ള ഭരണനേട്ടങ്ങളെ എടുത്തു കാട്ടുന്ന രീതിയിലാണ് ഈ കറൻസി നോട്ട് രൂപകൽപന ചെയ്തിരിക്കുന്നത്. പോളിമർ മെറ്റീരിയൽ ഉപയോഗിച്ചാണ് ഈ ബാങ്ക് നോട്ട് നിർമ്മിച്ചിട്ടുള്ളത്.

Source: WAM.

ഈ പുതിയ 500 ദിർഹം പോളിമർ ബാങ്ക്നോട്ട് 2023 നവംബർ 30, വ്യാഴാഴ്ച മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വരുന്നതാണ്. നിലവിലുള്ള 500 ദിർഹത്തിന്റെ കടലാസ്, പോളിമർ കറൻസിനോട്ടുകൾ നിയമപ്രകാരം മൂല്യം ഉറപ്പുനൽകുന്ന ബാങ്ക്നോട്ടായി പ്രചാരത്തിൽ തുടരുമെന്നും സെൻട്രൽ ബാങ്ക് ഓഫ് യു എ ഇ അറിയിച്ചിട്ടുണ്ട്.

യു എ ഇയിൽ വെച്ച് നടക്കാനിരിക്കുന്ന 2023-ലെ COP28 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടിയുമായി ബന്ധപ്പെട്ട് രാജ്യം മുന്നോട്ട് വെക്കുന്ന സുസ്ഥിര ആശയങ്ങൾ, കാലാവസ്ഥാ വ്യതിയാന നിയന്ത്രണത്തിനായി കൈക്കൊള്ളുന്ന നടപടികൾ തുടങ്ങിയവയും ഈ നോട്ട് പ്രമേയമാക്കുന്നു. ദേശീയ കറൻസി പദ്ധതിയുടെ മൂന്നാം ശ്രേണിയിൽ ഉൾപ്പെടുന്ന ബാങ്ക് നോട്ടാണ് ഇത്.

നൂതനമായ രൂപകല്പന, നവീനമായ സുരക്ഷാ ഘടകങ്ങൾ എന്നിവ സമന്വയിപ്പിച്ചാണ് ഈ കറൻസി നോട്ട് പുറത്തിറക്കിയിരിക്കുന്നത്. യു എ ഇയുടെ സാംസ്കാരിക പ്രാധാന്യം, ടൂറിസം ഇടങ്ങൾ എന്നിവയും സുസ്ഥിരതയും ഈ നോട്ടിൽ എടുത്ത് കാട്ടുന്നു.

ഈ പുതിയ ആയിരം ദിർഹം നോട്ടിന്റെ മുൻഭാഗത്ത് എക്സ്പോ സിറ്റി ദുബായിൽ സ്ഥിതി ചെയ്യുന്ന ടെറാ സസ്‌റ്റൈനബിലിറ്റി പവലിയന്റെ ദൃശ്യം ആലേഖനം ചെയ്തിട്ടുണ്ട്. സുസ്ഥിരമായ ഒരു ഭാവിയ്ക്കായി യു എ ഇ മുന്നോട്ട് വെക്കുന്ന പ്രതിജ്ഞാബദ്ധതയുടെ അടയാളമാണിത്.

Source: WAM.

നോട്ടിന്റെ മറുവശത്ത് ദുബായിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിന്റെ ദൃശ്യം ഉൾപ്പെടുത്തിയിട്ടുണ്ട്. കാർബൺ പ്രസാരണം ഒഴിവാക്കിക്കൊണ്ടുള്ള ഊർജ്ജസ്രോതസുകളുടെ ഉപയോഗത്തെ ഇത് സൂചിപ്പിക്കുന്നു. വാസ്‌തുവിദ്യ, എന്‍ജിനീയറിങ്ങ്‌ എന്നീ മേഖലകളിലൂടെ ഭൂതകാലത്തെ ഭാവിയുമായി ബന്ധിപ്പിക്കുന്നതാണ് മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ മുന്നോട്ട് വെക്കുന്ന ആശയം.

Source: WAM.

ഇതോടൊപ്പം നോട്ടിന്റെ പുറക് വശത്തായി എമിറേറ്റ്സ് ടവർ, ബുർജ് ഖലീഫ എന്നിവയുടെ ദൃശ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

സുസ്ഥിരതാ നയത്തിന്റെ ഭാഗമായാണ് സെൻട്രൽ ബാങ്ക് ഓഫ് യു എ ഇ ഈ ബാങ്ക് നോട്ട് പോളിമർ കൊണ്ട് നിർമ്മിച്ചിരിക്കുന്നത്. പരമ്പരാഗത കോട്ടൺ പേപ്പർ നോട്ടുകളേക്കാൾ കൂടുതൽ ഈട് നിൽക്കുന്നതും, സുസ്ഥിരവുമാണ് പോളിമർ ബാങ്ക് നോട്ടുകൾ.

ഇവ പ്രചാരത്തിൽ പരമ്പരാഗത നോട്ടുകളേക്കാൾ രണ്ടോ അതിലധികമോ മടങ്ങ് നീണ്ടുനിൽക്കുന്നതാണ്. പോളിമർ പൂർണ്ണമായും റീസൈക്കിൾ ചെയ്യാൻ കഴിയുന്നതിനാൽ, ഇവ പരിസ്ഥിക്ക് ഇണങ്ങുന്നതുമാണ്.

പൊതുജനങ്ങൾക്ക് എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി നിലവിലുള്ള അഞ്ഞൂറ് ദിർഹം നോട്ടിന് സമാനമായ വ്യത്യസ്തമായ നീല ഷേഡുകൾ ഉപയോഗിച്ചാണ് ഈ പുതിയ പോളിമർ നോട്ട് രൂപകൽപന ചെയ്തിരിക്കുന്നത്. ഫ്ലൂറസെന്റ് നീല നിറത്തിൽ നോട്ടിൽ അടയാളപ്പെടുത്തിയിട്ടുള്ള യു എ ഇ നാഷൻ ബ്രാൻഡ്, നൂതന ഇന്റാഗ്ലിയോ പ്രിന്റിംഗ് ടെക്നിക്കുകൾ ഉപയോഗിച്ച് സൃഷ്ടിച്ച ഡ്രോയിംഗുകൾ, ലിഖിതങ്ങൾ എന്നിവയും ഈ നോട്ടിൽ കാണാവുന്നതാണ്.

കാഴ്ചാ വൈകല്യമുള്ള ഉപഭോക്താക്കൾക്കായി ബാങ്ക് നോട്ടിന്റെ മൂല്യം തിരിച്ചറിയാൻ സഹായിക്കുന്ന ബ്രെയിൽ ചിഹ്നങ്ങളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഉപഭോക്താക്കളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും കള്ളപ്പണത്തെ ചെറുക്കുന്നതിനുമായി വിപുലമായ സുരക്ഷാ ഫീച്ചറുകളും പുതിയ 500 ദിർഹം ബാങ്ക് നോട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിവിധ വർണ്ണങ്ങളിലുള്ള ഫോയിൽ സ്ട്രിപ്പാണ് (KINEGRAM സാങ്കേതികവിദ്യ ഉപയോഗിക്കുന്ന) നോട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.