2021 ഓഗസ്റ്റ് 15 മുതൽ രാജ്യത്തെ സർക്കാർ മേഖലയിലെ മുഴുവൻ ജീവനക്കാരും ഓഫീസുകളിൽ മടങ്ങിയെത്തുമെന്ന് കുവൈറ്റ് ക്യാബിനറ്റ് വ്യക്തമാക്കി. ഓഗസ്റ്റ് 15 മുതൽ രാജ്യത്തെ പൊതുമേഖലയിലെ പ്രവർത്തന സമയക്രമം സാധാരണ രീതിയിലേക്ക് മടക്കികൊണ്ടുവരുമെന്നുള്ള ഈ പ്രഖ്യാപനം ഓഗസ്റ്റ് 5-ന് വൈകീട്ടാണ് ക്യാബിനറ്റ് നടത്തിയത്.
കുവൈറ്റിലെ സർക്കാർ വകുപ്പുകൾ, പൊതു സ്ഥാപനങ്ങൾ, മന്ത്രാലയങ്ങൾ മുതലായ ഇടങ്ങളിലെല്ലാം ഈ തീരുമാനം ബാധകമാകുന്നതാണ്. ഇതോടെ ഓഗസ്റ്റ് 15 മുതൽ പൊതുമേഖലയിലെ മുഴുവൻ ജീവനക്കാരും ഓഫീസുകളിൽ നേരിട്ടെത്തുന്നതാണ്. ഗർഭിണികൾ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ തുടങ്ങി ഏതാനം പ്രത്യേക അനുമതിയുള്ള വിഭാഗങ്ങൾക്ക് മാത്രമാണ് ഈ തീരുമാനത്തിൽ ഇളവ് നൽകിയിരിക്കുന്നത്. രാജ്യത്തെ COVID-19 രോഗവ്യാപനത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ സാധിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം.
രാജ്യത്ത് കൊറോണ വൈറസ് രോഗബാധ രൂക്ഷമായതിനെ ഈ വർഷത്തിന്റെ ആരംഭം മുതൽ പൊതുമേഖലയിൽ നേരിട്ടെത്തുന്ന ജീവനക്കാരുടെ എണ്ണം 30 ശതമാനത്തിലേക്ക് നിയന്ത്രിക്കാൻ കുവൈറ്റ് തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തിലാണ് ഇപ്പോൾ മാറ്റം വരുത്തിയിട്ടുള്ളത്. രാജ്യത്തെ സ്വാകാര്യ മേഖലയിൽ ഏതാനം മാസങ്ങൾക്ക് മുൻപ് തന്നെ മുഴുവൻ ജീവനക്കാരും തൊഴിലിടങ്ങളിൽ നേരിട്ടെത്തുന്ന രീതി നടപ്പിലാക്കിത്തുടങ്ങിയിരുന്നു.