കുവൈറ്റ്: ഓഗസ്റ്റ് 18 മുതൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ

GCC News

കുവൈറ്റിലെ വാണിജ്യ പ്രവർത്തനങ്ങളും, ജനജീവിതവും സാധാരണ രീതിയിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി, കൊറോണ വൈറസ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കുന്നതിന്റെ നാലാം ഘട്ടം ഓഗസ്റ്റ് 18 മുതൽ ആരംഭിക്കുമെന്ന് സർക്കാർ അറിയിച്ചു. ഓഗസ്റ്റ് 13-നു ചേർന്ന കാബിനറ്റ് യോഗത്തിനു ശേഷമാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പ്രഖ്യാപിച്ചത്.

മെയ് 25-നാണ് രാജ്യത്തെ പ്രവർത്തനങ്ങൾ സാധാരണ രീതിയിലേക്ക് മടക്കികൊണ്ടുവരുന്നതിനായി കുവൈറ്റ് സർക്കാർ 5 ഘട്ടങ്ങളിലായി ഇളവുകൾ നടപ്പാക്കുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ചത്. റെസ്റ്ററന്റ്, കഫെ മുതലായ വാണിജ്യ സ്ഥാപനങ്ങൾക്ക് ഓഗസ്റ്റ് 18, ചൊവ്വാഴ്ച്ച മുതൽ സാധാരണ രീതിയിലുള്ള പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനുള്ള അനുവാദം നൽകും. ഇത്തരത്തിൽ പ്രവർത്തനം ആരംഭിക്കുന്ന റെസ്റ്ററന്റ്, കഫെ എന്നിവിടങ്ങളിൽ കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടും, സമൂഹ അകലം ഉറപ്പാക്കിക്കൊണ്ടും അതിഥികൾക്ക് ഭക്ഷണം നൽകുന്നതിനുള്ള അനുവാദം നൽകിയിട്ടുണ്ട്. നിലവിൽ ഇത്തരം ഭക്ഷണശാലകൾക്ക് പാർസൽ നൽകുന്നതിന് മാത്രമാണ് അനുവാദമുള്ളത്.

ഇതിനു പുറമെ, അഞ്ചാം ഘട്ടത്തിൽ ആരംഭിക്കാനിരുന്ന ജിം, ഹെൽത്ത് ക്ലബ്, ബാർബർ സലൂൺ, ബ്യൂട്ടി പാർലറുകൾ മുതലായ ഏതാനം വാണിജ്യ പ്രവർത്തനങ്ങൾക്കും ഓഗസ്റ്റ് 18 മുതൽ പുനരാരംഭിക്കുന്നതിനു അനുവാദം നൽകിയതായി സർക്കാർ കേന്ദ്രങ്ങളെ ഉദ്ധരിച്ച് കൊണ്ട് കുവൈറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് 18 മുതൽ നടപ്പിലാക്കുന്ന ഇളവുകളുടെ ഭാഗമായി പൊതു, സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങളിൽ 50 ശതമാനം ജീവനക്കാർക്ക് ഓഫീസുകളിൽ തിരികെയെത്തുന്നതിനുള്ള അനുവാദം നൽകുന്നതാണ്. രാജ്യത്ത് നിലവിലുള്ള രാത്രികാല കർഫ്യു നിയന്ത്രണങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവരേണ്ടതുണ്ടോ എന്ന് കാബിനറ്റ് അടുത്ത വ്യാഴാഴ്ച്ച അവലോകനം ചെയ്യുമെന്നാണ് ലഭിക്കുന്ന സൂചനകൾ.