കുവൈറ്റ്: യാത്രാ വിലക്കേർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് 14 ദിവസത്തെ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ

featured GCC News

2021 ഫെബ്രുവരി 21, ഞായറാഴ്ച്ച മുതൽ വിദേശത്ത് നിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് ഏർപ്പെടുത്തുന്ന യാത്രാ മാനദണ്ഡങ്ങൾ സംബന്ധിച്ച് കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) വിജ്ഞാപനം പുറത്തിറക്കി. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സർവീസ് നടത്തുന്ന എല്ലാ വിമാനകമ്പനികൾക്കും DGCA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയിട്ടുണ്ട്.

ഫെബ്രുവരി 18, വ്യാഴാഴ്ച്ചയാണ് കുവൈറ്റ് DGCA ഇതുമായി ബന്ധപ്പെട്ട ’10/2021′ എന്ന വിജ്ഞാപനം പുറത്തിറക്കിയത്. 2021 ഫെബ്രുവരി 7 മുതൽ രണ്ടാഴ്ച്ചത്തേക്ക് വിദേശ പൗരന്മാർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് കുവൈറ്റ് ഏർപ്പെടുത്തിയിരുന്ന വിലക്കുകൾ ഫെബ്രുവരി 21-ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് DGCA പുതുക്കിയ യാത്രാ നിബന്ധനകൾ പ്രഖ്യാപിച്ചത്.

ഈ അറിയിപ്പ് പ്രകാരം, ഉയർന്ന രോഗസാധ്യത നിലനിൽക്കുന്ന 35 രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് കർശനമായ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് കുവൈറ്റിലേക്ക് പ്രവേശനം അനുവദിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് ഏർപ്പെടുത്തിയ വിലക്കുകൾ തുടരുമെന്നാണ് ആദ്യം ലഭിച്ചിരുന്ന സൂചനകൾ.

DGCA നൽകിയ അറിയിപ്പ് പ്രകാരം 2021 ഫെബ്രുവരി 21 മുതൽ കുവൈറ്റിലേക്ക് പ്രവേശിക്കുന്നവർക്കുള്ള യാത്രാ നിബന്ധനകൾ:

  • ഈ അറിയിപ്പ് പ്രകാരം, ‘Kuwait Mosafer’ ആപ്പിൽ രജിസ്റ്റർ ചെയ്യാത്ത യാത്രികർക്ക് കുവൈറ്റിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ല. https://kuwaitmosafer.gov.kw/home.html എന്ന വിലാസത്തിൽ ഈ രജിസ്‌ട്രേഷൻ സംവിധാനം ലഭ്യമാണ്.
  • രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും 2 തവണയായി COVID-19 PCR ടെസ്റ്റ് നിർബന്ധമാക്കിയിട്ടുണ്ട്. കുവൈറ്റിലേക്ക് പ്രവേശിച്ച ഉടനെയും, ആറാം ദിവസത്തിലുമാണ് ഈ PCR പരിശോധനകൾ നടത്തേണ്ടത്. ഇതിന്റെ ചെലവുകൾ യാത്രികർ സ്വയം വഹിക്കേണ്ടതാണ്. ഇതിന്റെ തുക ‘Kuwait Mosafer’ സംവിധാനത്തിലൂടെ നൽകാവുന്നതാണ്.
  • യാത്രാ വിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കുള്ള ക്വാറന്റീൻ നിർദ്ദേശങ്ങൾ – ഇത്തരം രാജ്യങ്ങളിൽ നിന്നെത്തുവർ സ്വന്തം ചെലവിൽ 14 ദിവസം ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീനിൽ തുടരേണ്ടതാണ്. ഇതിനായി പ്രത്യേകം തിരഞ്ഞെടുത്ത ഹോട്ടലുകളിൽ ‘Kuwait Mosafer’ സംവിധാനത്തിലൂടെയോ, ‘Belsalamah’ സംവിധാനത്തിലൂടെയോ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ സേവനങ്ങൾ നേടാവുന്നതാണ്.
  • മറ്റു രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കുള്ള ക്വാറന്റീൻ നിർദ്ദേശങ്ങൾ – ഇത്തരം യാത്രികർക്ക് 7 ദിവസത്തെ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാണ്. ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീനിനായി പ്രത്യേകം തിരഞ്ഞെടുത്ത ഹോട്ടലുകളിൽ ബുക്ക് ചെയ്യാവുന്നതാണ്. ഇതിനായി വരുന്ന ചെലവുകൾ യാത്രികൻ സ്വയം വഹിക്കേണ്ടതാണ്. ഇവർക്ക് ആറാം ദിനത്തിലെ PCR ടെസ്റ്റ് നെഗറ്റീവ് ആകുന്നപക്ഷം വീടുകളിൽ 7 ദിവസം ക്വാറന്റീനിൽ തുടരാവുന്നതാണ്.
  • ഗാർഹിക ജീവനക്കാരുടെ പ്രവേശനവുമായി ബന്ധപ്പെട്ട് നിലവിലുള്ള നിബന്ധനകൾ തുടരും. ഇതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും ‘Belsalamah’ സംവിധാനത്തിലൂടെ പൂർത്തിയാക്കാവുന്നതാണ്.

യാത്രികർ ഈ നിർദ്ദേശങ്ങളെല്ലാം കർശനമായി പാലിച്ച് കൊണ്ടാണ് കുവൈറ്റിലേക്ക് പ്രവേശിക്കുന്നതെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം എയർലൈൻ കമ്പനികളുടേതാണെന്ന് DGCA വ്യക്തമാക്കിയിട്ടുണ്ട്.