2025 ഏപ്രിൽ 22 മുതൽ രാജ്യത്ത് വിവിധ ട്രാഫിക് നിയമലംഘനങ്ങൾ നടത്തുന്ന ഡ്രൈവർമാരെ അറസ്റ്റ് ചെയ്യാൻ പൊലീസിന് അധികാരം നൽകുന്ന നിയമം കുവൈറ്റിൽ പ്രാബല്യത്തിൽ വരുന്നതാണ്. 2025 ഏപ്രിൽ 1-നാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ابتداء من 22 أبريل 2025
— وزارة الداخلية (@Moi_kuw) April 1, 2025
يجوز لأي عضو من أعضاء قوة الشرطة أن يلقي القبض على كل من يرتكب فعلا من الأفعال الآتية
وفقا للمرسوم بقانون رقم 5 لسنة 2025 بتعديل بعض احكام المرسوم بقانون رقم 67 لسنة 1976 بشأن المرور pic.twitter.com/q6Qif18HxF
ഇതോടെ റോഡുകളിൽ 12 തരത്തിലുള്ള നിയമലംഘനങ്ങൾ നടത്തുന്ന വ്യക്തികളെ അറസ്റ്റ് ചെയ്യുന്നതിന് കുവൈറ്റിലെ പോലീസ് ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടായിരിക്കുന്നതാണ്. 1976-ലെ 67-ആം നിയമം ഭേദഗതി ചെയ്യുന്ന ‘2025/5’ എന്ന നിയമപ്രകാരമാണ് ഇത്.
ഈ പുതിയ നിയമപ്രകാരം കുവൈറ്റ് പോലീസ് സേനയിലെ മുഴുവൻ അംഗങ്ങൾക്കും ഇത്തരം നിയമലംഘകരെ അറസ്റ്റ് ചെയ്യുന്നതിന് അധികാരമുണ്ടായിരിക്കുന്നതാണ്.
2025 ഏപ്രിൽ 22 മുതൽ കുവൈറ്റിൽ താഴെ പറയുന്ന ട്രാഫിക് നിയമലംഘനങ്ങൾ നടത്തുന്നവരെ പോലീസ് അറസ്റ്റ് ചെയ്യുന്നതാണ്:
- മദ്യം, മയക്ക് മരുന്ന്, മറ്റു ലഹരി പദാർത്ഥങ്ങൾ എന്നിവ ഉപയോഗിച്ച് വാഹനങ്ങൾ ഡ്രൈവ് ചെയ്യുക.
- പരുക്ക്, മരണം എന്നിവയിലേക്ക് നയിക്കുന്ന ട്രാഫിക് അപകടങ്ങൾക്കിടയാക്കുക.
- ട്രാഫിക് നിയമങ്ങൾ ലംഘിച്ച് കൊണ്ട് പൊതു നിരത്തുകളിൽ വാഹനങ്ങളുടെ മത്സര ഓട്ടങ്ങൾ നടത്തുക.
- ഒരു വ്യക്തിയുടെ സുരക്ഷ ഹനിച്ച് കൊണ്ടോ, പോലീസ് ഓഫീസർ നിൽക്കാൻ ആവശ്യപ്പെട്ട് കൊണ്ട് നൽകുന്ന ആജ്ഞ ലംഘിച്ച് കൊണ്ടോ ഒരു അപകടസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുക.
- പരമാവധി വേഗപരിധിയിൽ കവിഞ്ഞ് മണിക്കൂറിൽ അമ്പത് കിലോ മീറ്റർ വേഗതയിൽ വാഹനമോടിക്കുക.
- അനുവാദമില്ലാത്ത ഇടങ്ങളിൽ ബഗികൾ പോലുള്ള വാഹനങ്ങൾ ഓടിക്കുക.
- റെഡ് ലൈറ്റ് ലംഘിക്കുക.
- ഒരു വാഹനത്തിന് നിശ്ചയിച്ചിട്ടുള്ളതല്ലാത്തതായ കാര്യങ്ങൾക്ക് വാഹനം ഉപയോഗിക്കുക.
- പ്രത്യേക പെർമിറ്റ് ഇല്ലാതെ ഫീസ് ഈടാക്കി കൊണ്ട് യാത്രാ സേവനങ്ങൾ നൽകുക.
- വ്യക്തികൾക്കോ, വസ്തുക്കൾക്കോ അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള തരത്തിൽ അശ്രദ്ധമായും, അപകടകരമായും വാഹനമോടിക്കുക.
- സാധുതയുള്ള ഡ്രൈവിംഗ് ലൈസൻസ് കൂടാതെ വാഹനമോടിക്കുക, റദ്ദാക്കിയതോ, കാലാഹരണപ്പെട്ടതോ ആയ ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കുക, ലൈസൻസിൽ അനുവദിച്ചിട്ടുള്ളതല്ലാത്ത വിഭാഗത്തിൽപ്പെടുന്ന വാഹനമോടിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ നടത്തുക.
- ജനറൽ ട്രാഫിക് വകുപ്പിൽ നിന്ന് അനുവദിച്ചിട്ടുള്ള സാധുതയുള്ള ലൈസൻസ് പ്ലേറ്റ് ഇല്ലാത്ത വാഹനങ്ങൾ ഓടിക്കുക.
Cover Image: Kuwait News Agency.