കുവൈറ്റ്: പാർപ്പിട മേഖലകളിൽ പ്രവർത്തിക്കുന്ന സ്വകാര്യ വിദ്യാലയങ്ങൾ അടച്ചുപൂട്ടാൻ പദ്ധതിയിടുന്നു

featured GCC News

പാർപ്പിട മേഖലകളിൽ പ്രവർത്തിക്കുന്ന സ്വകാര്യ വിദ്യാലയങ്ങൾ അടച്ചുപൂട്ടാൻ കുവൈറ്റ് പദ്ധതിയിടുന്നതായി സൂചന. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

റെസിഡൻഷ്യൽ മേഖലകളിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്‌കൂളുകൾ പടിപടിയായി നിർത്തലാക്കുന്നതിനെക്കുറിച്ചാണ് കുവൈറ്റ് അധികൃതർ ആലോചിക്കുന്നത്. 2027-2028 അധ്യയന വർഷം അവസാനത്തോടെ ഇത് നടപ്പിലാക്കുന്നതിനാണ് അധികൃതർ ലക്ഷ്യമിടുന്നത്.

ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലെ നഗര ആസൂത്രണം, ഗതാഗതക്കുരുക്ക്, ജീവിത നിലവാരം എന്നിവയെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ആശങ്കകൾ പരിഹരിക്കുന്നത് ലക്ഷ്യമിട്ടാണ് ഇത്തരമൊരു തീരുമാനം. കുവൈറ്റ് മുനിസിപ്പൽ അഫയേഴ്‌സ് മന്ത്രി അബ്ദുൽ ലത്തീഫ് അൽ മിഷരി മുനിസിപ്പൽ കൗൺസിൽ പാസാക്കിയ ഇത്തരമൊരു തീരുമാനത്തിന് അംഗീകാരം നൽകിയതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഈ പുതിയ തീരുമാനപ്രകാരം കുവൈറ്റിലെ റെസിഡൻഷ്യൽ മേഖലകളിൽ സ്വകാര്യ വിദ്യാലയങ്ങൾക്ക് പ്രവർത്തനാനുമതി നൽകുന്നതല്ല. സ്വകാര്യ സ്‌കൂളുകൾ ആരംഭിക്കാനിരിക്കുന്ന ഭൂമിയ്ക്ക് ജനറൽ ട്രാഫിക് വകുപ്പിൽ നിന്നുള്ള മുൻ‌കൂർ അനുമതി നിർബന്ധമാക്കുന്നതിനുള്ള വ്യവസ്ഥയും ഈ തീരുമാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.