ബഹ്‌റൈൻ: ഭക്ഷണശാലകളിലെ COVID-19 മുൻകരുതൽ നിർദ്ദേശങ്ങളിൽ മാറ്റങ്ങൾ വരുത്തി

GCC News

രാജ്യത്തെ റെസ്റ്റോറന്റുകൾ, കഫെ മുതലായ ഭക്ഷണശാലകളിൽ നടപ്പിലാക്കുന്ന COVID-19 ആരോഗ്യ സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങൾ സംബന്ധിച്ച് ബഹ്‌റൈൻ ആരോഗ്യ വകുപ്പ് മന്ത്രി ഫായീഖ് അൽ സലേഹ് പുതിയ ഉത്തരവ് പുറത്തിറക്കി. ഈ ഉത്തരവ് പ്രകാരം ഭക്ഷണശാലകളിലെ സുരക്ഷാ മുൻകരുതലുകളിൽ ഏതാനം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

ഈ തീരുമാന പ്രകാരം താഴെ പറയുന്ന മുൻകരുതൽ നിർദ്ദേശങ്ങളാണ് ഭക്ഷണശാലകൾക്ക് ആരോഗ്യ വകുപ്പ് മന്ത്രി നൽകിയിട്ടുള്ളത്:

  • ഭക്ഷണശാലകളിലെ ഓരോ മേശകളുടെയും നാലു വശത്തേക്കും ചുരുങ്ങിയത് 2 മീറ്റർ എങ്കിലും, മറ്റു മേശകളുമായി അകലം ഉറപ്പാക്കണം.
  • ഭക്ഷണശാലകളിലെ പരമാവധി അനുവദിച്ചിട്ടുള്ള മേശകളുടെ 50% മാത്രമേ ഉപയോഗിക്കാവൂ.
  • ഓരോ മേശകളിലും പരമാവധി 6 പേർക്ക് മാത്രമാണ് ഒരേ സമയം ഭക്ഷണം കഴിക്കുന്നതിനായി ഇരിക്കാൻ അനുമതി നൽകുന്നത്. നേരത്തെ ഇത് ഓരോ മേശകളിലും പരമാവധി 5 പേർ വീതമായിരുന്നു.

ബഹ്‌റൈനിലെ പൊതു സമൂഹത്തിൽ COVID-19 വ്യാപനം തടയുന്നത് ലക്ഷ്യമിട്ടാണ് ഈ തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി.