യു എ ഇ: രാജ്യത്ത് കുരങ്ങ് പനി സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം

GCC News

രാജ്യത്തെ ആദ്യത്തെ കുരങ്ങ് പനി (മങ്കിപോക്സ്‌) ബാധിച്ച കേസ് സ്ഥിരീകരിച്ചതായി യു എ ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) അറിയിച്ചു. 2022 മേയ് 24, ചൊവ്വാഴ്ച രാത്രിയാണ് MoHAP ഇക്കാര്യം സ്ഥിരീകരിച്ചത്.

വെസ്റ്റ് ആഫ്രിക്കയിൽ നിന്ന് യാത്ര ചെയ്തെത്തിയ 29 വയസ്സ് പ്രായമുള്ള ഒരു സ്ത്രീയിലാണ് ഈ രോഗബാധ സ്ഥിരീകരിച്ചതെന്ന് MoHAP അറിയിച്ചിട്ടുണ്ട്. ഇവർക്ക് ആവശ്യമായ വൈദ്യ പരിചരണം ലഭ്യമാക്കുന്നതായി ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേർത്തു.

മങ്കിപോക്സ്‌ പടരുന്നത് തടയുന്നതിനായി മറ്റു വകുപ്പുകളുമായി ചേർന്ന് രാജ്യത്ത് ശക്തമായ പകർച്ചവ്യാധി നിരീക്ഷണ നടപടികൾ നടപ്പിലാക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. രോഗബാധ സംശയിക്കുന്ന കേസുകൾ മുൻകൂട്ടി അന്വേഷിക്കുകയും, സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്നതിനായി MoHAP നടപ്പിലാക്കുന്ന നയങ്ങളുടെ ഭാഗമായാണ് ഇതെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

കുരങ്ങ് പനി പടരുന്നത് കൈകാര്യം ചെയ്യാൻ രാജ്യത്തെ ആരോഗ്യ സംവിധാനം പൂർണ്ണമായും സജ്ജമാണെന്ന് MoHAP 2022 മെയ് 22-ന് വ്യക്തമാക്കിയിരുന്നു. ഈ രോഗം സംബന്ധിച്ച കിംവദന്തികൾ പ്രചരിപ്പിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്യരുതെന്നും, ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ മാത്രം സ്വീകരിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.