റെസിഡൻസി നിയമങ്ങൾ ലംഘിക്കുന്നവർക്ക് അഭയം നൽകുന്ന പ്രവാസികളെ നാട് കടത്തുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കുവൈറ്റിലെ റെസിഡൻസി നിയമങ്ങൾ ലംഘിക്കുന്നവരെയും, ഇവരെ സഹായിക്കുന്ന പ്രവാസികളെയും നാട് കടത്തുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ സ്രോതസ്സുകളെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നാട് കടത്തപ്പെടുന്നവരെ താത്കാലികമായി പാർപ്പിക്കുന്നതിനും, ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ സ്വീകരിക്കുന്നതിനുള്ള ഡീപോർട്ടേഷൻ കേന്ദ്രമാക്കുന്നതിനുമായി നിലവിൽ ഉപയോഗശൂന്യമായി കിടക്കുന്ന രണ്ട് സ്‌കൂൾ കെട്ടിടങ്ങളുടെ വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് ആഭ്യന്തര മന്ത്രാലയം വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് ഔദ്യോഗികമായുള്ള അപേക്ഷ നൽകിയതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ജലീബ് അൽ ഷുയൂഖ്, ഖൈതാൻ എന്നിവിടങ്ങളിലെ രണ്ട് സ്‌കൂളുകൾ ഇതിനായി തിരഞ്ഞെടുത്തതായാണ് സൂചന. ഈ സ്‌കൂളുകൾ ഉടൻ തന്നെ ആഭ്യന്തര മന്ത്രാലയത്തിന് കൈമാറുന്നതാണ്.