കുവൈറ്റ്: വാക്സിനെടുത്തിട്ടുള്ള യാത്രികർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്ന അവസരത്തിൽ ക്വാറന്റീൻ ഒഴിവാക്കാൻ തീരുമാനം

GCC News

COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ള യാത്രികർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്ന അവസരത്തിൽ ക്വാറന്റീൻ നടപടികൾ ഒഴിവാക്കി നൽകുമെന്ന് കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു. മെയ് 19-നാണ് കുവൈറ്റ് DGCA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർ, മൂന്ന് മാസത്തിനിടയിൽ COVID-19 രോഗമുക്തി നേടിയവർ എന്നീ വിഭാഗങ്ങൾക്കാണ് കുവൈറ്റ് ക്വാറന്റീൻ ഒഴിവാക്കി നൽകുന്നത്. കുവൈറ്റ് ക്യാബിനറ്റ് തീരുമാനത്തെ തുടർന്നാണ് ഈ നടപടി. മെയ് 22, ശനിയാഴ്ച്ച മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നതാണ്.

കുവൈറ്റിലേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികരും, യാത്ര പുറപ്പെടുന്നതിന് മുൻപ് 72 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിപ്പോർട്ട് ഹാജരാക്കേണ്ടതാണ്.

COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിക്കാത്ത പൗരന്മാർക്ക് മെയ് 22, ശനിയാഴ്ച്ച മുതൽ വിദേശരാജ്യങ്ങളിലേക്ക് യാത്രചെയ്യുന്നതിന് വിലക്കേർപ്പെടുത്താൻ തീരുമാനിച്ചതായി കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) നേരത്തെ അറിയിച്ചിരുന്നു.