കുവൈറ്റ്: ഫെബ്രുവരി 7 മുതൽ വിദേശികൾക്ക് രണ്ടാഴ്ച്ചത്തേക്ക് പ്രവേശന വിലക്കേർപ്പെടുത്താൻ തീരുമാനം

featured GCC News

COVID-19 പ്രതിരോധ നടപടികളുടെ ഭാഗമായി, 2021 ഫെബ്രുവരി 7 മുതൽ രണ്ടാഴ്ച്ചത്തേക്ക് കുവൈറ്റി പൗരന്മാരല്ലാത്തവർക്ക് രാജ്യത്തേക്ക് പ്രവേശന വിലക്കേർപ്പെടുത്താൻ കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചു. കുവൈറ്റ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

മേഖലയിലുടനീളം COVID-19 രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു നടപടി. ഫെബ്രുവരി 3-ന് ചേർന്ന ക്യാബിനറ്റിന്റെ അടിയന്തിര യോഗത്തിൽ രാജ്യത്തെ കൊറോണ വൈറസ് നിയന്ത്രണങ്ങൾ ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. കുവൈറ്റ് പ്രധാനമന്ത്രി H.H. ഷെയ്ഖ് സബാഹ് ഖാലിദ് അൽ-ഹമദ് അൽ-സബായുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ വൈറസ് വ്യാപനം തടയുന്നത് ലക്ഷ്യമിട്ടുള്ള ഏതാനം മുൻകരുതൽ നിർദ്ദേശങ്ങൾ ക്യാബിനറ്റ് മുന്നോട്ട് വെച്ചിട്ടുണ്ട്.

COVID-19 പ്രതിരോധത്തിന്റെ ഭാഗമായി ഫെബ്രുവരി 7 മുതൽ കുവൈറ്റിൽ നടപ്പിലാക്കുന്ന നിയന്ത്രണങ്ങൾ:

  • സുരക്ഷയുടെ ഭാഗമായി, ഫെബ്രുവരി 7 മുതൽ രാജ്യത്തെ ഫാർമസികൾ, ഭക്ഷണ വിതരണ കേന്ദ്രങ്ങൾ എന്നിവ ഒഴികെ മുഴുവൻ വാണിജ്യ, വ്യാപാര സ്ഥാപനങ്ങളും ദിനവും രാത്രി 8 മുതൽ രാവിലെ 5 വരെ അടച്ചിടാനും ക്യാബിനറ്റ് തീരുമാനിച്ചിട്ടുണ്ട്. ഫെബ്രുവരി 7 മുതൽ ഒരു മാസത്തേക്കാണ് വാണിജ്യ മേഖലയിലെ ഈ നിയന്ത്രണങ്ങൾ നിലവിൽ ഏർപ്പെടുത്തുന്നത്.
  • ഫെബ്രുവരി 7 മുതൽ വിദേശികൾക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് രണ്ടാഴ്ച്ചത്തെ വിലക്കേർപ്പെടുത്തി. കുവൈറ്റ് പൗരന്മാർക്കും, കുവൈറ്റ് പൗരന്മാരുടെ അടുത്ത ബന്ധുക്കളായിട്ടുള്ള വിദേശികൾക്കും, ഇവരോടൊപ്പമുള്ള ഗാർഹിക ജീവനക്കാർ, മറ്റു ജീവനക്കാർ മുതലായവർക്കും മാത്രമാണ് ഈ കാലയളവിൽ കുവൈറ്റിലേക്ക് പ്രവേശനം അനുവദിക്കുന്നത്.
  • രാജ്യത്തെ ഹെൽത്ത് ക്ലബ്ബുകൾ, റിസോർട്ടുകൾ, ബ്യൂട്ടി സലൂണുകൾ, ഹെയർ ഡ്രസിങ് കേന്ദ്രങ്ങൾ എന്നിവ അടച്ചിടാനും ക്യാബിനറ്റ് തീരുമാനിച്ചിട്ടുണ്ട്.
  • റെസ്റ്ററന്റുകൾ ഉൾപ്പടെയുള്ള ഭക്ഷണശാലകളിൽ ദിനവും രാത്രി 8 മുതൽ രാവിലെ 5 വരെ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യം അനുവദിക്കുന്നതല്ല. എന്നാൽ ഈ സമയം, ഹോം-ഡെലിവറി സേവനങ്ങൾ നടത്തുന്നതിന് അനുമതി നൽകിയിട്ടുണ്ട്.
  • ആഘോഷ പരിപാടികൾ നടത്തുന്ന ഹാളുകൾ, ടെന്റുകൾ മുതലായവ അടച്ചിടുന്നതാണ്. ആളുകൾ കൂടിച്ചേരുന്ന എല്ലാ തരത്തിലുള്ള ആഘോഷങ്ങളും വിലക്കിയിട്ടുണ്ട്.
  • എല്ലാ സ്പോർട്സ് പരിപാടികളും നിർത്തിവെക്കാൻ തീരുമാനം.
  • രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ പേർക്കും ക്വാറന്റീൻ നടപടികൾ നിർബന്ധമാണെന്നും ക്യാബിനറ്റ് അറിയിച്ചിട്ടുണ്ട്.
  • ഇതിന് പുറമെ ഫെബ്രുവരി 21 മുതൽ രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ പേർക്കും ഒരാഴ്ച്ചത്തെ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീനും (സ്വന്തം ചെലവിൽ) അതിനു ശേഷം ഒരാഴ്ച്ചത്തെ ഹോം ക്വാറന്റീനും നിർബന്ധമാണെന്നും ക്യാബിനറ്റ് അറിയിച്ചിട്ടുണ്ട്. ഈ തീരുമാനം ഒരു മാസത്തേക്ക് തുടരും.