കുവൈറ്റ്: പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റാൻ തീരുമാനം

GCC News

പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് പൂർണ്ണമായും ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റാൻ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ജനറൽ ട്രാഫിക് വകുപ്പിന് നിർദ്ദേശം നൽകി. രാജ്യത്തെ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധി ഒരു വർഷം ആക്കുന്നതിനുള്ള തീരുമാനത്തിന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അംഗീകാരം നൽകിയതിന്റെ തുടർച്ചയായാണ് ഈ നടപടി.

കുവൈറ്റിലെ പ്രവാസികൾ ഉൾപ്പടെയുള്ളവരുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി ഒരു വർഷമാക്കാനും, ആവശ്യമെങ്കിൽ കാലാവധി പുതുക്കി നൽകുന്നതിനും വ്യവസ്ഥപ്പെടുത്തുന്ന ‘2023 / 410’ എന്ന മന്ത്രിസഭാ തീരുമാനത്തിന് മന്ത്രാലയം അടുത്തിടെ അംഗീകാരം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്, പ്രവാസി ഡ്രൈവിംഗ് ലൈസൻസുകൾ സമ്പൂർണമായും ഡിജിറ്റൽ സംവിധാനങ്ങളിലൂടെയാക്കുന്നതിന് കുവൈറ്റ് ആഭ്യന്തര വകുപ്പ് മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് നിർദ്ദേശം നൽകിയത്.

ഈ തീരുമാനം 2023 ഡിസംബർ 10 മുതൽ കുവൈറ്റിൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഇത്തരം ലൈസൻസുകൾ ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് അല്ലെങ്കിൽ സഹെൽ ആപ്പ് എന്നിവയിലൂടെ പുതുക്കാവുന്നതാണ്.