അജ്‌മാൻ: ഡെലിവറി മേഖലയിൽ പുതിയ മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ തീരുമാനം

UAE

എമിറേറ്റിലെ ഡെലിവറി മേഖലയിൽ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്ക് ലൈസൻസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ അജ്‌മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി തീരുമാനിച്ചു.

ഇതുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾക്ക് അതോറിറ്റി അംഗീകാരം നൽകിയിട്ടുണ്ട്. എമിറേറ്റിലെ ഡെലിവറി സേവന മേഖലയിൽ ഉപയോഗിക്കുന്ന വാഹനങ്ങൾ, അവയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ എന്നിവയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് ഈ തീരുമാനം.

ഇതിന്റെ ഭാഗമായി ഇത്തരം സേവനമേഖലയിൽ പ്രവർത്തിക്കുന്ന ഡ്രൈവർമാർക്കും, റൈഡർമാർക്കും പ്രത്യേക പരിശീലനം നിർബന്ധമാക്കുന്നതിനും, ഈ മേഖലയിൽ ഉപയോഗിക്കുന്ന മോട്ടോർബൈക്കുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾക്ക് പ്രത്യേക ലൈസൻസ് നടപ്പിലാക്കുന്നതിനും അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്. ഇതിന് പുറമെ, ഇത്തരം വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഡെലിവറി ബോക്സുകൾക്ക് പ്രത്യേക മാനദണ്ഡങ്ങൾ ഏർപ്പെടുത്താനും അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട മറ്റു തീരുമാനങ്ങൾ:

  • ഈ മേഖലയിൽ തൊഴിലെടുക്കുന്ന ഡ്രൈവർമാർ, റൈഡർമാർ തുടങ്ങിയവർക്ക് ആരോഗ്യ പരിശോധന ഏർപ്പെടുത്തുന്നതാണ്. ഇവർക്ക് മാനസികാരോഗ്യം പരിശോധിക്കുന്നതിനുള്ള ഒരു ടെസ്റ്റ് ഏർപ്പെടുത്തുന്നതാണ്.
  • ഈ സേവനമേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ആവശ്യമായ അംഗീകൃത ഓഫീസുകൾ, വാഹനങ്ങൾ, പാർക്കിംഗ് സൗകര്യം എന്നിവ ഉണ്ടായിരിക്കണം.
  • അതോറിറ്റിയിൽ നിന്നുള്ള മുൻ‌കൂർ അനുമതി കൂടാതെ ഇത്തരം വാഹനങ്ങളിൽ പരസ്യങ്ങൾ പതിപ്പിക്കുന്നതിനോ, പരസ്യങ്ങൾ തൂക്കിയിടുന്നതിനോ അനുമതിയില്ല.
  • ബൈക്കുകളിൽ ഉപയോഗിക്കുന്ന ഡെലിവറി ബോക്സുകളുടെ വലിപ്പം 50 x 50 സെന്റീമീറ്ററിലധികമായിരിക്കരുത്.
  • ഇത്തരം ബോക്സുകളുടെ എല്ലാ വശങ്ങളിലും ലൈറ്റ് ഘടിപ്പിക്കേണ്ടതും, ചുവപ്പ്, വെള്ള നിറങ്ങളിലുള്ള റിഫ്ലക്റ്റീവ് സ്റ്റിക്കറുകൾ പതിപ്പിക്കേണ്ടതുമാണ്. ഇത്തരം ബോക്സുകളുടെ വശങ്ങൾ മൂർച്ചയുള്ളവയായിരിക്കരുത്.