രാജ്യത്തെ നഴ്സറികൾ 2021 സെപ്റ്റംബർ മാസത്തിൽ തുറക്കുന്നതിന് കുവൈറ്റ് ലക്ഷ്യമിടുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനായുള്ള പദ്ധതിക്ക് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകിയതായാണ് സൂചന.
കുവൈറ്റിലെ നഴ്സറികൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന ഒരു കർമ്മപരിപാടിയ്ക്ക് അധികൃതർ രൂപം നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകൾ മിനിസ്ട്രി ഓഫ് സോഷ്യൽ അഫയേഴ്‌സ്, രാജ്യത്തെ COVID-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതലയുള്ള പ്രത്യേക കമ്മിറ്റി എന്നിവർ ചേർന്നാണ് തയ്യാറാക്കിയത്.
ഈ പദ്ധതി പ്രകാരം, ഏപ്രിൽ 15 മുതൽ മെയ് 30 വരെയുള്ള കാലയളവിൽ രാജ്യത്തെ ഓരോ നഴ്സറികളിലും നടപ്പിലാക്കിയിട്ടുള്ള ആരോഗ്യ സുരക്ഷാ സംവിധാനങ്ങൾ അധികൃതർ വിലയിരുത്തുന്നതാണ്. ജൂൺ 1 മുതൽ ഓഗസ്റ്റ് 30 വരെയുള്ള കാലയളവിൽ നഴ്സറികളിലെത്തുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തിക്കൊണ്ട് ഇത്തരം സ്ഥാപനങ്ങൾ തങ്ങളുടെ പ്രവർത്തനം പഴയരീതിയിലേക്ക് മടക്കി കൊണ്ടുവരേണ്ടതിന് ആവശ്യമായ തയ്യാറെടുപ്പുകൾ നടപ്പിലാക്കുന്നതാണ്. ഈ രണ്ട് ഘട്ടങ്ങളും പൂർത്തിയാക്കിയ ശേഷം സെപ്റ്റംബർ 1-ന് നഴ്സറികൾ തുറക്കുന്നതിനാണ് അധികൃതർ ലക്ഷ്യമിടുന്നത്.