കുവൈറ്റ്: മുനിസിപ്പാലിറ്റിയിൽ തൊഴിലെടുക്കുന്ന പ്രവാസികൾക്ക് പകരം സ്വദേശികളെ നിയമിക്കാൻ തീരുമാനം

GCC News

രാജ്യത്ത് മുനിസിപ്പാലിറ്റി ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന പ്രവാസി ജീവനക്കാർക്ക് പകരം പടിപടിയായി സ്വദേശികളെ നിയമിക്കാൻ കുവൈറ്റ് ഒരുങ്ങുന്നതായി സൂചന. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കുവൈറ്റിലെ മുനിസിപ്പൽ വകുപ്പുകളിൽ തൊഴിലെടുക്കുന്ന വിദേശികൾക്ക് പകരമായി കുവൈറ്റ് പൗരന്മാരെ നിയമിക്കുന്നതിനായി മുനിസിപ്പാലിറ്റി വകുപ്പ് മന്ത്രി റാണ അൽ ഫാരിസ് മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന ഒരു പദ്ധതി തയ്യാറാക്കിയതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ പദ്ധതിയുടെ ആദ്യ ഘട്ടം 2022 സെപ്റ്റംബർ 1 മുതൽ നടപ്പിലാകുമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ആദ്യ ഘട്ടത്തിൽ ഇത്തരത്തിലുള്ള ജീവനക്കാരിൽ 33 ശതമാനം പേരെ ഒഴിവാക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നാണ് അറിയാൻ കഴിയുന്നത്. അടുത്ത 33 ശതമാനം ജീവനക്കാരെ ഒഴിവാക്കുന്ന രണ്ടാം ഘട്ടം 2023 ഫെബ്രുവരി മുതലും, മൂന്നാം ഘട്ടം 2023 ജൂലൈ മുതലും നടപ്പിലാക്കുന്നതാണ്.

പ്രാഥമിക നടപടികളുടെ ഭാഗമായി ഇത്തരത്തിലുള്ള ജീവനക്കാരുടെ പട്ടിക വകുപ്പ് മന്ത്രി ആവശ്യപ്പെട്ടതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പുതിയ വിദേശികളെ മുനിസിപ്പാലിറ്റികളിൽ നിയമിക്കുന്നത് തടയുന്നതിനുള്ള നടപടികളും വകുപ്പ് കൈക്കൊണ്ടിട്ടുണ്ട്.