ഒമാൻ: മസ്‌കറ്റിൽ കൂടുതൽ വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രഖ്യാപിച്ചു

GCC News

ഒമാനിലെ COVID-19 വാക്സിനേഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി, മസ്കറ്റ് ഗവർണറേറ്റിൽ വാക്സിൻ കുത്തിവെപ്പ് ലഭ്യമാക്കുന്നതിനുള്ള കൂടുതൽ കേന്ദ്രങ്ങൾ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. നേരത്തെ മസ്കറ്റ് ഗവർണറേറ്റിൽ മൂന്ന് കേന്ദ്രങ്ങളാണ് വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി മന്ത്രാലയം ആരംഭിച്ചിരുന്നത്.

നിലവിൽ മസ്കറ്റ് ഗവർണറേറ്റിൽ വാക്സിൻ കുത്തിവെപ്പ് ലഭിക്കുന്ന കേന്ദ്രങ്ങളും, അവയുടെ പ്രവർത്തന സമയങ്ങളും സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ മുൻഗണന നൽകിയിട്ടുള്ള വിഭാഗങ്ങൾക്ക് ഈ ആരോഗ്യ കേന്ദ്രങ്ങളിൽ നേരിട്ടെത്തി വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാവുന്നതാണ്.

മസ്കറ്റ് ഗവർണറേറ്റിലെ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങൾ:

താഴെ പറയുന്ന കേന്ദ്രങ്ങൾ സാധാരണ ദിനങ്ങളിൽ (ഞായർ മുതൽ വ്യാഴം വരെ) രാവിലെ 7:30 മുതൽ രാത്രി 8.30 വരെയും, വാരാന്ത്യങ്ങളിലും (വെള്ളി, ശനി), പൊതു അവധി ദിനങ്ങളിലും രാവിലെ 9:30 മുതൽ വൈകീട്ട് 3:30 വരെയും പ്രവർത്തിക്കുന്നതാണ്.

  • സീബ് സ്പെഷ്യലൈസ്ഡ് പോളിക്ലിനിക് (Seeb Specialised Polyclinic)
  • ബൗഷർ സ്പെഷ്യലൈസ്ഡ് പോളിക്ലിനിക് (Baushar Specialised Polyclinic)
  • അൽ അമീറത് ഹെൽത്ത് സെന്റർ (Al Amerat Health Center)
  • അൽ മബേല ഹെൽത്ത് സെന്റർ (Al Mabela Health Center)
  • മസ്കറ്റ് ഹെൽത്ത് സെന്റർ (Muscat Health Center)
  • നോർത്ത് അൽ ഖുവൈർ ഹെൽത്ത് സെന്റർ (North Al Khuwair Health Center)

ഇതിനു പുറമെ താഴെ പറയുന്ന രണ്ട് കേന്ദ്രങ്ങളിൽ നിന്നും സാധാരണ ദിനങ്ങളിൽ (ഞായർ മുതൽ വ്യാഴം വരെ) രാവിലെ 7:30 മുതൽ വൈകീട്ട് 2:00 വരെ വാക്സിൻ കുത്തിവെപ്പ് ലഭിക്കുന്നതാണ്.

  • ഖുറിയത് ഹെൽത്ത് കോംപ്ലക്സ് (Quriyat Health Complex)
  • റുവി ഹെൽത്ത് സെന്റർ (Ruwi Health Center)

പ്രമേഹം, കിഡ്നി പ്രശ്നങ്ങൾ തുടങ്ങിയ രോഗങ്ങളുള്ള 65 വയസ്സിനു മുകളിൽ പ്രായമായവർ, വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങൾ ഉള്ളവർ, കഠിനമായ ആസ്തമ ഉള്ളവർ, ILD പോലുള്ള ശ്വാസകോശ രോഗങ്ങൾ ഉള്ളവർ, ICU ജീവനക്കാർ, COVID-19 വാർഡുകളിലെ ജീവനക്കാർ, പ്രമേഹമുള്ള ജീവനക്കാർ, നാല്പതോ അതിനു മുകളിലോ BMI ഉള്ള ജീവനക്കാർ, ഡയാലിസിസ് ചെയ്യുന്ന ജീവനക്കാർ, വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങളുള്ള ജീവനക്കാർ തുടങ്ങിയ വിഭാഗങ്ങളിൽ പെടുന്ന ആരോഗ്യ പ്രവർത്തകർ എന്നിവർക്കാണ് ഒമാനിൽ ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകാൻ മുൻഗണന നൽകിയിട്ടുള്ളത്. ഒമാനിൽ നടന്നു കൊണ്ടിരിക്കുന്ന COVID-19 വാക്സിനേഷൻ യത്നത്തിന്റെ ആദ്യ മൂന്ന് ദിനങ്ങളിൽ മൂവായിരത്തിലധികം പേർ വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി വിവിധ ഗവർണറേറ്റുകളിൽ വാക്സിൻ കുത്തിവെപ്പ് ലഭ്യമാക്കുന്നതിനുള്ള കേന്ദ്രങ്ങൾ സംബന്ധിച്ച വിവരങ്ങൾ ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.