ഒമാൻ: വിവിധ ഗവർണറേറ്റുകളിലെ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രഖ്യാപിച്ചു

GCC News

ഒമാനിൽ ഡിസംബർ 27 മുതൽ ആരംഭിച്ചിട്ടുള്ള കൊറോണ വൈറസ് വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി വിവിധ ഗവർണറേറ്റുകളിൽ വാക്സിൻ കുത്തിവെപ്പ് ലഭ്യമാക്കുന്നതിനുള്ള കേന്ദ്രങ്ങൾ സംബന്ധിച്ച വിവരങ്ങൾ ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മസ്കറ്റ് ഗവർണറേറ്റിൽ വാക്സിൻ കുത്തിവെപ്പ് ലഭ്യമാക്കുന്നതിനുള്ള കേന്ദ്രങ്ങളും, അവയുടെ പ്രവർത്തന സമയങ്ങളും സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിപ്പ് പുറത്തിറക്കിയിരുന്നു. തുടർന്ന് ഡിസംബർ 27-ന് മറ്റു ഗവർണറേറ്റുകളിലെ വാക്സിനേഷൻ കേന്ദ്രങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങളും മന്ത്രാലയം പുറത്തുവിടുകയായിരുന്നു.

ഞായറാഴ്ച്ച മുതൽ രാജ്യത്ത് ആരംഭിച്ച വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. അഹ്‌മദ്‌ അൽ സൈദി ആദ്യ ഡോസ് വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചിരുന്നു. മുൻഗണനാ ക്രമപ്രകാരം പ്രായമായവർ, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ, രാജ്യത്തെ കൊറോണ വൈറസ് പ്രതിരോധത്തിന്റെ മുൻനിര പ്രവർത്തകർ തുടങ്ങിയ രോഗബാധയേൽക്കാൻ ഏറ്റവും സാധ്യത നിലനിൽക്കുന്ന വിഭാഗങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ കുത്തിവെപ്പ് നൽകുന്നത്. ഇത്തരത്തിൽ ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകുന്നതിനായി തിരഞ്ഞെടുക്കപ്പെടുന്നവരെ മന്ത്രാലയം നേരിട്ട് ബന്ധപ്പെടുന്നതാണ്.

ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം മസ്കറ്റ് ഗവർണറേറ്റിൽ സീബ് പോളിക്ലിനിക്, ബൗഷർ പോളിക്ലിനിക്, ഖുറിയത് ഹെൽത്ത് സെന്റർ എന്നിവിടങ്ങളിലാണ് COVID-19 വാക്സിൻ ലഭ്യമാക്കുന്നത്. സൗത്ത് അൽ ബത്തിന ഗവർണറേറ്റിൽ നഖൽ, ബർക്ക, റുസ്താഖ്‌, അൽ മുസ്നാഹ് എന്നിവിടങ്ങളിലാണ് വാക്സിനേഷൻ കേന്ദ്രങ്ങൾ ഒരുക്കുന്നത്.

നോർത്ത് അൽ ശർഖിയ ഗവർണറേറ്റിൽ ഇബ്ര, സമദ് അൽ അഷാൻ, ബിദിയ, സിനൗ എന്നിവിടങ്ങളിലും, സൗത്ത് അൽ ശർഖിയ ഗവർണറേറ്റിൽ സുർ, മസീറ, ജലാൻ ഹെൽത്ത് കോംപ്ലക്സ്, ജലാൻ ബാനി ബു ഹസ്സൻ ഹെൽത്ത് സെന്റർ എന്നിവിടങ്ങളിലും വാക്സിൻ ലഭ്യമാക്കുന്നതാണ്. അൽ ദഹിറാഹ് ഗവർണറേറ്റിൽ ഇബ്രി, ധാൻഖ്, യാൻഖുൽ എന്നിവിടങ്ങളിലും, ദോഫാറിൽ അൽ സാദാ, അവ്ഖഅദ് ഹെൽത്ത് സെന്റർ എന്നിവിടങ്ങളിലും വാക്സിനേഷൻ നടത്തുന്നതാണ്.

നോർത്ത് അൽ ബത്തിനയിൽ ആറ് ഹെൽത്ത് സെന്ററുകളും, മുസന്ദം ഗവർണറേറ്റിൽ അഞ്ച് ഹെൽത്ത് സെന്ററുകളും, അൽ ദാഖിലിയയിൽ ഏഴ് കേന്ദ്രങ്ങളും, അൽ വുസ്തയിൽ നാല് കേന്ദ്രങ്ങളും വാക്സിനേഷൻ നടത്തുന്നതിനായി മന്ത്രാലയം തിരഞ്ഞെടുത്തിട്ടുണ്ട്.

ഫൈസർ, ബയോ എൻ ടെക് (BioNTech) എന്നീ കമ്പനികൾ സംയുക്തമായി നിർമ്മിക്കുന്ന COVID-19 വാക്സിനാണ് ഒമാനിൽ നിലവിൽ വാക്സിനേഷൻ പ്രവർത്തനങ്ങളിൽ ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുള്ളത്. ഫൈസർ വാക്‌സിനിന്റെ 15600 ഡോസ് അടങ്ങിയ ആദ്യ ബാച്ച് ഡിസംബർ 24, വ്യാഴാഴ്ച്ച രാത്രി മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയിരുന്നു. 21 ദിവസത്തെ ഇടവേളയിൽ രണ്ട് തവണയായാണ് ഈ വാക്സിൻ കുത്തിവെപ്പ് നൽകുന്നത്.