രാജ്യത്തെ പൗരന്മാരോടും, നിവാസികളോടും വിദേശയാത്രകൾക്ക് തയ്യാറെടുക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ കുവൈറ്റ് ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു. നിലവിലെ കൊറോണ വൈറസ് മഹാമാരിയുടെ അതിരൂക്ഷമായ സാഹചര്യത്തിൽ, പുറം നാടുകളിലേക്കുള്ള യാത്രകൾ ഒഴിവാക്കാൻ മന്ത്രാലയം നിർദ്ദേശം നൽകി.
“ലോകരാജ്യങ്ങളെല്ലാം COVID-19 വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി കർശനമായ നടപടികൾ തുടരുന്നതിനിടയിലും, വൈറസ് വ്യാപനം പ്രതിദിനം രൂക്ഷമായി കൊണ്ടിരിക്കുകയാണ്. നിലവിലെ മഹാമാരിയുടെ അവസ്ഥ തീർത്തും ആശങ്കകൾക്കിടയാക്കുന്നതായതിനാൽ, ആരോഗ്യ മന്ത്രാലയം രാജ്യത്തെ പൗരന്മാരോടും, നിവാസികളോടും വിദേശങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കാൻ ആഹ്വാനം ചെയ്യുന്നു.”, അധികൃതർ ട്വിറ്ററിലൂടെ മുന്നറിയിപ്പ് പങ്ക്വെച്ചു.
മാർച്ച് പകുതി മുതൽ നിർത്തിവെച്ചിട്ടുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ ഓഗസ്റ്റ് 1 മുതൽ പുനരാരംഭിക്കുന്നതായി നേരത്തെ അധികൃതർ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.