കുവൈറ്റിലെ പ്രവാസികൾക്ക് അനുവദിച്ച ഡ്രൈവിംഗ് ലൈസൻസുകളുടെ സൂക്ഷ്മപരിശോധന ജനറൽ ട്രാഫിക് വകുപ്പിന്റെ കീഴിൽ പുരോഗമിക്കുന്നു. ഈ പരിശോധനകളുടെ ഭാഗമായി കഴിഞ്ഞ നാല്പത് ദിവസത്തിനിടയിൽ ആയിരത്തോളം ലൈസൻസുകൾ പിൻവലിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ലൈസൻസ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളിലെ വീഴ്ച്ചകളുമായി ബന്ധപ്പെട്ടാണ് ഇവ പിൻവലിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ നടപടിക്രമങ്ങളുടെ ഭാഗമായി ഈ ഡ്രൈവിംഗ് ലൈസൻസുകളുടെ ഉപയോഗം തടഞ്ഞതായും, ഇവയെ റദ്ദ് ചെയ്യുന്നതിനായുള്ള പട്ടികയിലേക്ക് ഉൾപ്പെടുത്തിയതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പ്രവാസികൾക്ക് ലൈസൻസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് വേതനം, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ മുതലായ മാനദണ്ഡങ്ങളിൽ വരുത്തിയിട്ടുള്ള വീഴ്ച്ചകളാണ് അധികൃതർ പരിശോധിക്കുന്നത്.
ഇത്തരം ഡ്രൈവിംഗ് ലൈസൻസുകളുടെ സൂക്ഷ്മപരിശോധന 2022 ഒക്ടോബർ പകുതിയോടെ കുവൈറ്റിൽ ആരംഭിച്ചിരുന്നു. നിയമം ലംഘിച്ച് ഡ്രൈവിംഗ് ലൈസൻസ് നേടിയിട്ടുള്ള പ്രവാസികളെ വിളിച്ച് വരുത്തുമെന്നും, ഇവരുടെ ഡ്രൈവിംഗ് ലൈസൻസ് എന്നേക്കുമായി റദ്ദ് ചെയ്യുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
നിയമം മൂലം പിൻവലിച്ചിട്ടുള്ള ഡ്രൈവിംഗ് ലൈസൻസുകൾ തുടർന്നും ഉപയോഗിക്കുന്ന പ്രവാസികളെ അറസ്റ്റ് ചെയ്യുന്നത് ഉൾപ്പടെയുള്ള നടപടികളിലേക്ക് കടക്കുന്നതിന് ട്രാഫിക് പട്രോളിംഗ് വിഭാഗങ്ങൾക്ക് നിർദ്ദേശം നൽകിയതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇവർക്ക് നാട് കടത്തപ്പെടുന്നത് ഉൾപ്പടെയുള്ള നിയമനടപടികൾ നേരിടേണ്ടിവരാമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.